

മുംബൈ: ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് കണക്കിലെടുത്ത് സീനിയർ താരങ്ങളായ ജസ്പ്രിത് ബുമ്രയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ഏകദിന പരമ്പരയിൽ വിശ്രമം നൽകിയേക്കും. അതേസമയം, പരിക്കിന് ശേഷം ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (India vs New Zealand ODI)
വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ടെസ്റ്റ് ഫോർമാറ്റിൽ മാത്രമായി നിലനിർത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഏകദിന ടീമിലേക്ക് പന്തിന് പകരം ഇഷാൻ കിഷൻ തിരിച്ചെത്തിയേക്കും. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ബുമ്രയ്ക്കും ഹാർദിക്കിനും ഏകദിനത്തിൽ വിശ്രമം നൽകുമെങ്കിലും ട്വന്റി-20 പരമ്പരയിൽ ഇരുവരും കളിക്കും. പരിക്കിൽ നിന്ന് മുക്തനായ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിൽ ഇടംപിടിക്കും. വിജയ് ഹസാരെ ട്രോഫിയിൽ തിളങ്ങിയ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ തുടരും.
ജനുവരി 11-ന് വഡോദരയിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം. രാജ്‌കോട്ട്, ഇൻഡോർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. ജനുവരി 21-ന് നാഗ്പൂരിൽ ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാകും. പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് തിരുവനന്തപുരത്താണ് നടക്കുക.
The Indian squad for the upcoming ODI series against New Zealand is expected to see major changes, with Rishabh Pant potentially being restricted to Test matches while Ishan Kishan returns to the white-ball setup. Senior players Jasprit Bumrah and Hardik Pandya are likely to be rested for the ODIs to manage their workload ahead of the T20 World Cup. Meanwhile, Captain Shubman Gill and Vice-Captain Shreyas Iyer are set to return after recovering from injuries.