ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ വിരാട് കോലിയും കെ.എൽ. രാഹുലും വാഗ്വേദത്തിൽ. വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പറായ രാഹുലിനു സമീപത്തെത്തി കുറച്ചുനേരം രോഷത്തോടെ സംസാരിച്ചത്. രാഹുലും തിരിച്ചു പറഞ്ഞതോടെ തർക്കമായി. ഇരുവരുടെയും വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റിനു ജയിച്ചു. ഡൽഹി നേടിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടി തിളങ്ങി. ഈ ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ആർസിബി ഒന്നാം സ്ഥാനത്തെത്തി.