
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒറ്റക്കയ്യുമായി ബാറ്റു ചെയ്യാൻ ഇറങ്ങിയ അനുഭവത്തെക്കുറിച്ചു പങ്കുവച്ച് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്. മത്സരത്തിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന ബാറ്ററായാണ് ക്രിസ് വോക്സ് ക്രീസിലെത്തിയത്. ഒന്‍പതാം വിക്കറ്റും വീണതോടെ പരുക്കേറ്റ കൈ വസ്ത്രത്തിനുള്ളിൽ കയറ്റിപ്പിടിച്ചാണ് ക്രിസ് വോക്സ് ഒറ്റക്കയ്യിൽ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയത്. ഇംഗ്ലണ്ട് ആരാധകർ ഗാലറിയിൽ ആദരവോടെ എഴുന്നേറ്റ് കയ്യടിച്ചാണ് ക്രിസ് വോക്സിനെ സ്വീകരിച്ചത്.
‘‘സന്തോഷവും ആശങ്കകളും ഒരുമിച്ച് അനുഭവപ്പെട്ടൊരു നിമിഷമായിരുന്നു അത്. ഒരു പന്ത് പ്രതിരോധിക്കാനോ, ഒരു ഓവറെങ്കിലും പുറത്താകാതെ അതിജീവിക്കാനോ സാധിക്കുമോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു റണ്ണോ, ബൗണ്ടറിയോ നേടാൻ സാധിക്കുമോയെന്നും ആശങ്കപ്പെട്ടു. എന്നാൽ 90 മൈൽ വേഗത്തിലെത്തുന്ന ബൗണ്‍സറുകളൊന്നും എനിക്കു നേരിടേണ്ടിവന്നില്ല. അതിനു നന്ദിയുണ്ട്.’’– ക്രിസ് വോക്സ് ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യൻ താരങ്ങൾ ആദരവോടെയാണു പെരുമാറിയതെന്നും ക്രിസ് വോക്സ് പറഞ്ഞു.
നാലാം ടെസ്റ്റിനിടെ പരുക്കുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങിയിരുന്നു. ഈ സമയത്ത് യോർക്കറുകൾ എറിഞ്ഞും പരുക്കേറ്റ കാലിനെ ലക്ഷ്യമിട്ടും ഇംഗ്ലിഷ് പേസർമാരായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും ഇന്ത്യൻ ബാറ്ററെ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ താരത്തിന്റെ പരുക്ക് കൂടുതൽ വഷളാക്കാൻ ഇംഗ്ലണ്ട് ബോധപൂർവം ശ്രമിക്കുകയാണെന്നും വിമർശനമുയർന്നിരുന്നു.
അഞ്ചാം ടെസ്റ്റിന്റെ അവസാന മിനിറ്റുകളിൽ കളിക്കാനിറങ്ങിയ ക്രിസ് വോക്സ് 16 മിനിറ്റോളം ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും ഒരു പന്തു പോലും നേരിടേണ്ടിവന്നില്ല. പരുക്കേറ്റ വോക്സിന് സ്ട്രൈക്ക് കിട്ടുന്നത് ഒഴിവാക്കിയായിരുന്നു സഹതാരം ഗസ് അക്കിൻസൻ ബാറ്റു ചെയ്തത്. ഓവറിന്റെ അവസാന പന്തുകളിൽ മാത്രം സിംഗിൾ എടുത്ത്, എല്ലായ്പ്പോഴും ബൗണ്ടറികൾ ലക്ഷ്യമിട്ടായിരുന്നു ഗസ് അക്കിൻസണിന്റെ ബാറ്റിങ്. അക്കിൻസണിനെ സിറാജ് ബോൾഡാക്കിയതോടെ മത്സരം ഇന്ത്യ ആറു റൺസിനു വിജയിച്ചു.