

ഈ വർഷം ആരംഭിക്കുന്ന ഇന്ത്യൻ പിക്കിൾബോൾ ലീഗിൽ (ഐപിബിഎൽ) പങ്കെടുക്കുന്ന 5 ടീമുകളുടെ പേര് ചെന്നൈയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പങ്കെടുത്ത ചടങ്ങിലായിരുന്നു ടീമുകളുടെ പ്രഖ്യാപനം. ഗുരുഗ്രാം ക്യാപിറ്റൽ വാരിയേഴ്സ്, മുംബൈ സ്മാഷേഴ്സ്, ബെംഗളൂരു ബ്ലാസ്റ്റേഴ്സ്, ചെന്നൈ സൂപ്പർ വാരിയേഴ്സ്, ഹൈദരാബാദ് റോയൽസ് എന്നിവയാണ് ടീമുകൾ.
ലീഗിൽ പങ്കെടുക്കുന്ന ആറാമത്തെ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഡിസംബർ ഒന്നു മുതൽ 7 വരെ ന്യൂഡൽഹിയിലാണ് ഐപിബിഎൽ മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകരായ ദ് ടൈംസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ വിനീത് ജയിൻ പറഞ്ഞു.
ടെന്നിസ്, ടേബിൾ ടെന്നിസ് എന്നിവയോടു സാദൃശ്യമുള്ള കളിയാണു പിക്കിൾബോൾ. ബാഡ്മിന്റൻ കോർട്ടുമായി സാമ്യമുള്ള കളത്തിലാണു മത്സരം. ടെന്നിസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്. ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നതു പോലുള്ള, അൽപം കൂടി വലുപ്പമുള്ള ബാറ്റും (പാഡിൽ) അകം പൊള്ളയായ പ്ലാസ്റ്റിക് ബോളുമാണ് ഉപയോഗിക്കുന്നത്.
1965ൽ വാഷിങ്ടനിലെ ബ്രിജ് ഐലന്റിൽ ജോയൽ പ്രിച്ചഡ്, ബിൽബൽ, ബാർണി മക്കല്ലം എന്നിവർ ചേർന്നാണു പിക്കിൾബോൾ കളിക്കു രൂപം നൽകിയത്.