ലക്നൗ; ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്ത ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് വധഭീഷണി. ഇമെയിലിലൂടെയാണ് ഇന്ത്യൻ താരത്തിന് വധഭീഷണി ലഭിച്ചത്. തുടർന്ന് ഷമിയുടെ സഹോദരൻ മുഹമ്മദ് ഹസീബ് പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രാജ്പുത്ത് സിന്ദർ എന്ന് പരിചയപ്പെടുത്തിയാണ് മെയിൽ അയച്ചിരിക്കുന്നത്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായ മുഹമ്മദ് ഷമി, ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ബെംഗളൂരുവിൽ നിന്നാണ് ഭീഷണി സന്ദേശമെന്നാണ് പ്രാഥമിക വിവരം.
അതേസമയം, ഐപിഎലിൽ തീർത്തും മോശം ഫോമിലാണ് ഷമി. ഇതുവരെ സൺറൈസേഴ്സിനായി ആറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഷമിക്ക് നേടാനായത് ആറു വിക്കറ്റ് മാത്രമാണ്.
ഏതാനും ആഴ്ചകൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനും ഇ മെയിലിലൂടെ വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് ഡൽഹി പൊലീസിനെ സമീപിച്ച ഗംഭീർ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഗംഭീറിനെതിരെ വധഭീഷണി ഉയർന്നത്.