
വാഷിംങ്ടൺ: ലാസ് വേഗാസ് ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ പരാജയപ്പെടുത്തി ഇന്ത്യൻ കൗമാര താരം ആർ. പ്രഗ്‌നാനന്ദ. വെള്ളക്കരുക്കളുമായി കളിച്ചാണ് പ്രഗ്‌നാനന്ദ കാൾസനെ വീഴ്ത്തിയത്. ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ വെറും 39 നീക്കങ്ങൾ കൊണ്ടാണ് 19 കാരനായ പ്രഗ്‌നാനന്ദ കാൾസനെ വീഴ്ത്തിയത്. ഇതോടെ ഗ്രൂപ്പ് വൈറ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്‌നാനന്ദ, ക്വാർട്ടർ ഫൈനലിൽ യോഗ്യത നേടി.
ഇന്ത്യയുടെ പുതുതലമുറ താരങ്ങൾക്കെതിരെ നേരിടുന്ന തിരിച്ചടികളുടെ തുടർച്ചയാണ് കാൾസന്റെ ഈ തോൽവി. നീക്കങ്ങളിൽ 93.9 ശതമാനം കൃത്യതയുമായി പ്രഗ്‌നാനന്ദ മികവു തെളിയിച്ചപ്പോൾ, കാൾസനു പതിവിനു വിപരീതമായി 84.9 ശതമാനം കൃത്യത മാത്രമേ പാലിക്കാനായുള്ളൂ.
കാൾസനെതിരായ വിജയത്തോടെ 4.5 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്‌നാനന്ദ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചുവെന്ന നേട്ടവും സ്വന്തമാക്കി. കാൾസൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ലാസ് വേഗാസിൽ ആരംഭിച്ച ടൂർണമെന്റിൽ, സ്ഥാപകനെ തന്നെ പ്രഗ്‌നാനന്ദ തോൽപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഗ്രൂപ്പ് ബ്ലാക്കിൽ നിന്ന് മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗയ്‍സിയും ക്വാർട്ടറിൽ പ്രവേശിച്ചു. ഹികാരു നകാമുറ, ഹാൻസ് നീമാൻ എന്നിവർക്കു പിന്നിലായാണ് അർജുൻ മൂന്നാമതെത്തിയത്. ലോക ചാംപ്യൻ ഡി.ഗുകേഷിന്റെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ടൂർണമെന്റിൽ, മറ്റൊരു ഇന്ത്യൻ താരം വിദിത് ഗുജറാത്ത് ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.