
കർണാടകയിലെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിക്ക് ബിരുദ പഠനത്തിനായി പണം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ള ജ്യോതി കനബുർ മഠിനെയാണ് ബിസിഎ പഠിക്കാനായി ചേരുന്നതിന് ഋഷഭ് പന്ത് സഹായിച്ചത്.
85 ശതമാനത്തിലേറെ മാർക്ക് നേടി, ബിരുദത്തിനു സീറ്റ് ലഭിച്ചെങ്കിലും അഡ്മിഷൻ ഫീസായ 40,000 രൂപ അടയ്ക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടിയുടെ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഒരു സുഹൃത്തു വഴി കുടുംബത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞതോടെ ഋഷഭ് പന്ത് വിഷയത്തിൽ ഇടപെട്ടു. പണം ലഭിച്ചതോടെ പെൺകുട്ടി ജാംഖണ്ഡിയിലെ ബിഎൽഡി കോളജിൽ ബിരുദത്തിനു ചേർന്നു. പെൺകുട്ടിയുടെ ഫീസ് അടച്ചതിനു നന്ദിയുണ്ടെന്ന് കോളജ് അധികൃതർ ഋഷഭ് പന്തിന് അയച്ച കത്തിൽ അറിയിച്ചു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റ ഋഷഭ് പന്ത് ഇപ്പോൾ വിശ്രമത്തിലാണ്. ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടിയ പന്ത് 479 റൺസാണ് പരമ്പരയിൽ ആകെ അടിച്ചെടുത്തത്. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ പരുക്കേറ്റ പന്ത് അവസാന മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.