ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജാണ് വധു. ജൂൺ എട്ടിന് ലക്നൗവിൽ വച്ചാണ് വിവാഹനിശ്ചയം. ഇന്ത്യൻ പ്രിമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന റിങ്കു സിങ്, 13 മത്സരങ്ങളിൽ നിന്ന് 306 റൺസ് നേടിയിരുന്നു. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായി.
ഇരുവരും വിവാഹിതരായേക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി പ്രിയയുടെ പിതാവും സമാജ്‌വാദി പാർട്ടി എംഎൽഎയുമായ തുഫാനി സരോജ് ഇക്കഴിഞ്ഞ ജനുവരിയിൽ വെളിപ്പെടുത്തിയിരുന്നു. ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വാരണാസിയിലെ കർഗിയാവോനിൽ നിന്നുള്ള പ്രിയ സരോജ്, വർഷങ്ങളായി സമാജ്‌വാദി പാർട്ടിയുമായി ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജുവാൻപുരിലെ മച്ച്‌ലിഷഹർ മണ്ഡലത്തിൽനിന്ന് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചാണ് പ്രിയ എംപിയായത്.
മുൻപ് സുപ്രീം കോടതി അഭിഭാഷകയായിരുന്ന പ്രിയ സരോജ്, 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനായി പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് ശ്രദ്ധ നേടിയത്. ഡൽഹി സർവകലാശാലയിൽനിന്ന് ആർട്സിൽ ബിരുദവും അമിറ്റി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
2023ലെ ഐപിഎൽ സീസണിൽ കൊൽക്കത്തയ്‌ക്കായി കാഴ്ച്ചവച്ച മിന്നുന്ന പ്രകടനമാണ് റിങ്കു സിങ് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധാകേന്ദ്രമായത്. ആ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് ദയാലിനെതിരെ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകളുമായി കയ്യടി നേടി. തുടർന്ന് ഇതുവരെ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങളും 33 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.