ഇന്ത്യൻ ക്രിക്കറ്റ് താരം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് വധു. ലക്നൗവിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുൾപ്പടെ കുറച്ചുപേർ മാത്രമാണു പങ്കെടുത്തത്. എൽഐസി ഉദ്യോഗസ്ഥയായ വൻഷിക കാൻപുർ സ്വദേശിയാണ്. കുൽദീപ് യാദവുമായി ബാല്യകാലം മുതലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കു എത്തുകയായിരുന്നു.
അതേസമയം, വിവാഹിതനാകുന്ന വിവരം കുൽദീപ് യാദവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കുൽദീപും വൻഷികയും തമ്മിലുള്ള മോതിരം മാറൽ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങും യുപി ക്രിക്കറ്റിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിവാഹിതരാകാനാണു ഇരുവരുടേയും തീരുമാനം. എന്നാൽ വിവാഹ തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ടെസ്റ്റ് പരമ്പയ്ക്കായി കുൽദീപ് അടുത്ത ആഴ്ച യുകെയിലേക്കു പോകും. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു.