ആൾമാറാട്ടം നടത്തി ഫ്ലാറ്റിൽ നിന്ന് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചു; സഹതാരത്തിനെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ | Deepti Sharma

വനിതാ പ്രീമിയർ ലീഗ് താരം ആരുഷി ഗോയലിനെതിരെയാണ് ദീപ്തിയുടെ ആരോപണം
Deepti, Arushi
Published on

സഹതാരം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ. വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സ് ടീമിലെ സഹതാരമായ ആരുഷി ഗോയലിനെതിരെയാണ് ദീപ്തിയുടെ ആരോപണം. ആരുഷി ആൾമാറാട്ടം നടത്തി 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് പരാതി. തൻ്റെ ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയോളം വരുന്ന യുഎസ് കറൻസിയും ആരുഷി മോഷ്ടിച്ചുവെന്നും ദീപ്തി ആരോപിക്കുന്നു. ദീപ്തി ശർമയ്ക്കു വേണ്ടി സഹോദരനാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ദീപ്തി ശർമയുടെ പരാതിയിൽ ആരുഷി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദീപ്തിയും ആരുഷിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ചു കളിച്ചു വളർന്ന ഇരുവരും, പിന്നീട് വനിതാ പ്രീമിയർ ലീഗിലും സഹതാരങ്ങളായി. ഇതിനിടയ്ക്കു കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് ആരുഷി പല തവണ ദീപ്തിയിൽനിന്ന് പണം കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ലഭിക്കാതിരുന്നതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പോലീസിനെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ക്യാംപിലാണ് ദീപ്തി ശർമ ഉള്ളത്. അതുകൊണ്ടാണു സഹോദരൻ വഴി പരാതി നൽകിയത്. യുപി പോലീസിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ദീപ്തി. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ആരുഷി. ഇംഗ്ലണ്ട് എ ടീമിനെതിരെ മൂന്നു മത്സരങ്ങളിൽ കളിച്ചിട്ടുള്ള ആരുഷി 46 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. സീനിയർ ഇന്റർ സോൺ‌ ടൂർണമെന്റിൽ സെൻട്രൽ സോണിനായി അർധ സെഞ്ചുറിയടിച്ച് ആരുഷി തിളങ്ങിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com