
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം ബിസിസിഐയിൽ നേതൃമാറ്റം നടക്കാനിരിക്കെയാണ് സൂപ്പർ താരത്തിന്റെ പേര് ചർച്ചകളിൽ ഉയർന്നത്. പ്രസിഡന്റായിരുന്ന റോജർ ബിന്നി രാജിവച്ച ഒഴിവിലേക്കാണ് നിയമനം. നിലവിൽ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന വിവരം താരത്തെ അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. മുതിർന്ന രാഷ്ട്രീയ നേതാവാണ് താരവുമായി ചർച്ച നടത്തിയതെന്നും എന്നാൽ താരത്തിന്റെ പ്രതികരണം സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് വിവരം.
സെപ്റ്റംബർ അവസാന ആഴ്ചയിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ (എജിഎം) പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ഐപിഎൽ ചെയർമാൻ എന്നിവരുൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. കായിക സംഘടനകളിൽ അതതു മേഖലകളിൽ നിന്നുള്ളവരുടെ തന്നെ പ്രാതിനിധ്യം വർധിപ്പിക്കുന്നതാണ് നിലവിൽ കേന്ദ്രസർക്കാർ നയം. അതിനാൽ തന്നെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ക്രിക്കറ്റ് താരം തന്നെ വരാനാണ് സാധ്യത.
2022ൽ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്കു പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്. വാർഷിക പൊതുയോഗത്തിൽ, തിരഞ്ഞെടുപ്പിലേക്കു പോകാതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനാണ് ബിസിസിഐയുടെ ശ്രമം.