

റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ, ടീം പരിശീലകൻ സുനിൽ ജോഷിക്കെതിരെ രൂക്ഷവിമർശനം. മികച്ച ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശിയെ സൂപ്പര്‍ ഓവറിൽ ബാറ്റിങ്ങിന് ഇറക്കാതിരുന്നതാണ് വിമർശനത്തിനിടയാക്കിയത്. ഇന്ത്യ എ തോറ്റുകൊണ്ടിരിക്കുമ്പോഴും പരിശീലകൻ എന്താണു ചെയ്യുന്നതെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു കമന്ററി ബോക്സിൽ ഇരുന്ന മുൻ ഇന്ത്യൻ താരം മനീന്ദര്‍ സിങ്ങിന്റെ പ്രതികരണം.
‘‘സൂപ്പർ ഓവര്‍ ബാറ്റു ചെയ്യാൻ അവർ എന്തുകൊണ്ടാണ് വൈഭവ് സൂര്യവംശിയെ അയക്കാത്തത്? ഇന്ത്യന്‍ ടീം പരിശീലകൻ സുനിൽ ജോഷി എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്? ഈ കപ്പൽ മുങ്ങിക്കഴിഞ്ഞു.’’– മത്സരത്തിനിടെ സുനിൽ ജോഷിയെ കാണിച്ചപ്പോൾ മനീന്ദർ പറഞ്ഞു. സൂപ്പർ ഓവറിൽ ഇന്ത്യ എ ടീം പൂജ്യത്തിനു പുറത്തായപ്പോഴായിരുന്നു ടീം ഹെഡ് കോച്ചായിരുന്ന സുനിൽ ജോഷി, നോട്ട്പാഡിൽ കുറിപ്പ് എഴുതിയത്.
ബംഗ്ലദേശിനെതിരായ സെമി ഫൈനലിൽ 15 പന്തിൽ 38 റൺസെടുത്ത വൈഭവിനെ ഇന്ത്യ സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് ഇറക്കിയിരുന്നില്ല. ക്യാപ്റ്റൻ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമായിരുന്നു ആറു പന്തുകള്‍ നേരിടുന്നതിനായി ഇറങ്ങിയത്. എന്നാൽ, ജിതേഷ് ശർമ ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ അശുതോഷ് ശർമയും പുറത്തായതോടെ സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കു റണ്ണൊന്നും ലഭിച്ചില്ല. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമയുടെ ആദ്യ പന്തിൽ ബംഗ്ലദേശ് ബാറ്റർ യാസിർ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് അനായാസം ഫൈനലിലെത്തുകയും ചെയ്തു.