
മാഗ്നസ് കാൾസൻ എന്ന ലോക ഒന്നാം നമ്പർ ചെസ് താരത്തെ വിറപ്പിച്ച ആ കൊച്ചുപയ്യൻ ഇന്ത്യക്കാരനാണ്. ‘ഏളി ടൈറ്റിൽഡ് റ്റ്യൂസ്ഡേ’ ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് കുട്ടിതാരം ആരിത് കപിൽ.
അടുത്തിടെ സമാപിച്ച ദേശീയ അണ്ടർ 9 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ഡൽഹിയിൽ നിന്നുള്ള ഈ മിടുക്കൻ, കാൾസനെ തോൽപിക്കുന്നതിന് അടുത്തെത്തിയിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം ശേഷിക്കെ, ‘റൂക് ആൻഡ് മൈനർ പീസസ്’ എൻഡ് ഗെയിമിൽ വിജയിക്കാനായില്ലെങ്കിലും ആരിതിന് കാൾസനെ വിറപ്പിക്കാനായി. പിന്നീട് സമനിലയിൽ തളയ്ക്കുകയും ചെയ്തു.
2078 ഇലോ റേറ്റിങ് ഉള്ള ആരിത് ഫിഡെ കാൻഡിഡേറ്റ് മാസ്റ്ററാണ്. ജോർജിയയിലെ ബാതുമിയിൽ 8 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്കായി നടന്നുകൊണ്ടിരിക്കുന്ന ഫിഡെ വേൾഡ് കപ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ആരിത്. കളിയുടെ ഇടവേളയിൽ ഹോട്ടൽമുറിയിൽ ഇരുന്നുകൊണ്ടാണ് ‘ടൈറ്റിൽഡ് റ്റ്യൂസ്ഡേ’ ടൂർണമെന്റിൽ പങ്കെടുത്തത്.
3 മിനിറ്റും ഒരു നീക്കത്തിന് ഒരു സെക്കൻഡ് അധിക സമയവും നൽകി ചെസ് ഡോട്ട് കോം വെബ്സൈറ്റ് നടത്തുന്ന ഓൺലൈൻ ടൂർണമെന്റാണ് ടൈറ്റിൽഡ് റ്റ്യൂസ്ഡേ. എല്ലാ ചൊവ്വാഴ്ചയും 2 തവണ ഈ ടൂർണമെന്റ് നടത്താറുണ്ട്.