ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ ശ്രീലങ്കയുടെ മറുപടി 245 റൺസിൽ അവസാനിച്ചു.
11–ാം ഏകദിന സെഞ്ചറിയുമായി ടൂർണമെന്റിലെ മികച്ച ഫോമിന്റെ തുടർച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന (101 പന്തിൽ 116) മിന്നിത്തിളങ്ങി. മത്സരത്തിന്റെ തുടക്കം മുതൽ കടിഞ്ഞാൺ ഇന്ത്യയുടെ കയ്യിലായിരുന്നു. ഒന്നാം വിക്കറ്റിൽ പ്രതിക റാവലിനൊപ്പം (30) 70 റൺസും രണ്ടാം വിക്കറ്റിൽ ഹർലീൻ ഡിയോളിനൊപ്പം (47) 120 റൺസും നേടിയശേഷമാണ് സ്മൃതി പുറത്തായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (41), ജമൈമ റോഡ്രിഗസ് (44) എന്നിവർ മധ്യനിരയിലും മികച്ച പ്രകടനം കാഴ്ച വച്ചു.
മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസുമായി പൊരുതിയ ലങ്കയ്ക്ക് തുടർന്നുള്ള 72 റൺസിനിടെ അവസാന 7 വിക്കറ്റുകൾ നഷ്ടമായി. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്നേഹ് റാണയും 3 വിക്കറ്റെടുത്ത മീഡിയം പേസർ അമൻജോത് കൗറും ചേർന്നാണ് ലങ്കൻ ഇന്നിങ്സ് കൈപ്പിടിയിലൊതുക്കിയത്.