കൊളംബോ: കാഴ്ച പരിമിതരുടെ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കൊളംബോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ വനിതകൾ നേപ്പാളിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു.115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ഇന്ത്യൻ ഇന്നിംഗ്‌സിൽ 44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോററായത്.ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചു.