
ലണ്ടൻ: ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ പാക്കിസ്ഥാനാണെന്ന് അറിഞ്ഞതോടെ കളിക്കാനില്ലെന്ന തീരുമാനം പരസ്യമാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചതിന്റെ തുടർച്ചയായാണ് ഈ തീരുമാനവും. സെമിഫൈനലിൽ കളിക്കാനില്ലെന്ന കാര്യം ഇന്ത്യ ചാംപ്യൻസ് ടീം അധികൃതർ, ടൂർണമെന്റിന്റെ സംഘാടകരായ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി) അറിയിച്ചു. ഇതോടെ ഇന്ത്യ ടൂർണമെന്റിൽനിന്ന് പുറത്തായി. പാക്കിസ്ഥാന് ഫൈനലിലേക്ക് വാക്കോവറും ലഭിച്ചു. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ വിജയികളെ പാക്കിസ്ഥാൻ ഫൈനലിൽ നേരിടും.
അതേസമയം, പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചത്. അതിന്റെ തുടർച്ചയായാണ് ഇന്ത്യൻ ടീം സെമിയും ബഹിഷ്കരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാൻ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യൻ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തി. ടൂർണമെന്റിൽ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തകർത്ത് 9 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാമതെത്തിയതോടെ, നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് കളമൊരുങ്ങിയത്.