

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മൂന്നാം ട്വന്റി20 വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും കളിക്കാനിറങ്ങുന്നത്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണും നിതീഷ് കുമാർ റെഡ്ഡിയും ബഞ്ചിൽ തുടരും. അതേസമയം ഓസ്ട്രേലിയൻ ടീമിൽ നാലു മാറ്റങ്ങളുണ്ട്. ആദം സാംപ, ബെൻ ഡ്വാർഷൂസ്, ഗ്ലെൻ മാക്‌സ്‍വെൽ, ജോഷ് ഫിലിപ്പെ എന്നിവർ പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തി.
5 മത്സര പരമ്പരയിൽ ഇരു ടീമുകളും 1–1 എന്ന നിലയിലാണ്. ഇന്നു ജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിക്കാം. ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
ഇതുവരെ 2 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ഗോൾഡ് കോസ്റ്റിലെ കരാരെ സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്. ഏകദിന പരമ്പരയിൽ അവസരത്തിനൊത്ത് ഉയരാതിരുന്ന ശുഭ്മൻ ഗില്ലിനു ട്വന്റി20യിലും അത്ര നല്ല സ്ഥിതിയല്ല. മഴമൂലം ഉപേക്ഷിച്ച ആദ്യ ട്വന്റി20യിൽ 37 റൺസുമായി പുറത്താകാതെ നിന്നെങ്കിലും തുടർന്നുള്ള 2 മത്സരങ്ങളിൽ ഗില്ലിനു നേടാനായത് 20 റൺസ്.
ഇന്ത്യ പ്ലേയിങ് ഇലവന്‍– അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– മാത്യു ഷോർട്ട്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിഷ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ജോഷ് ഫിലിപെ, മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്‍വെൽ, സേവ്യർ ബാർട്‍ലെറ്റ്, ബെൻ ഡ്വാർഷൂസ്, നേഥൻ എലിസ്, ആദം സാംപ.