
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുന്നത്. ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തോടെയാണ് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ പോരാട്ടത്തിന് ഇറങ്ങുന്നത്.
ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസ് ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. സ്പിന്നര്‍മാരായി ടീമിലുള്ളത് രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ്. പേസ് ബൗളിങിന്റെ ചുമതല ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമാണ്.
ശുഭ്മാൻ ഗില്ലിന് കീഴിൽ സ്വന്തം നാട്ടിൽ ഇന്ത്യ ആദ്യ പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുകയാണ് വിരാട് കോലിയും രോഹിത് ശർമ്മയും ആർ അശ്വിനും.
മൂവരുമില്ലാതെ ഇന്ത്യ ഹോം ഗ്രൗണ്ടിൽ ടെസ്റ്റിനിറങ്ങുന്നത് ഒന്നരപതിറ്റാണ്ടിനിടെ ആദ്യമായാണ്. നേപ്പാളിനോടുപോലും പരമ്പര നഷ്ടമായ വെസ്റ്റ് ഇൻഡീസിന് ഇന്ത്യയുടെ കരുത്തിനെ എത്രത്തോളം പ്രതിരോധിക്കാനാവും എന്ന് കണ്ടറിയണം.
പ്ലെയിങ് ഇലവന്‍ ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്- ടാഗെനരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അത്തനാസ്, ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.