

ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും പതിഞ്ഞ തുടക്കമാണ് നൽകിയത്. സേവ്യർ ബാർട്ട്ലറ്റിന്‍റെ പന്തിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്ത് ഗിൽ (9) പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 6.1 ഓവറിൽ 17 റൺസ് മാത്രമായിരുന്നു. തുടർന്നെത്തിയ വിരാട് കോലി നാലാം പന്തിൽ വിക്കറ്റിൽ കുടുങ്ങി.
തുടർന്നെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ശർമ വൻ തകർച്ചയിൽ നിന്നും കയറിവന്നു. കരുതലോടെ കളിച്ച രോഹിത്, തുടർച്ചയായ രണ്ട് സിക്സറുകളുമായി 74 പന്തിൽ തന്‍റെ അമ്പത്തൊമ്പതാം ഏകദിന അർധ സെഞ്ചുറി പൂർത്തിയാക്കി. 97 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതം 73 റൺസെടുത്താണ് രോഹിത് പുറത്തായത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 118 റൺസാണ് രോഹിതും ശ്രേയസും കൂട്ടിച്ചേർത്തത്.
ഇതിനിടെ, 67 പന്തിൽ ശ്രേയസ് അയ്യർ തന്‍റെ 23ാം ഏകദിന അർധ സെഞ്ചുറിയും നേടി. 77 പന്തിൽ 7 ഫോർ ഉൾപ്പെടെ 61 റൺസെടുത്ത് ശ്രേയസും പുറത്തായി.
ഇന്ത്യൻ ടീം
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയൻ ടീം
ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കൊണോലി, മിച്ചൽ ഓവൻ, സേവ്യർ ബാർലറ്റ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.