
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം. 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: ഇന്ത്യ-അഞ്ച് വിക്കറ്റിന് 518 ഡിക്ലയേര്‍ഡ്, മൂന്ന് വിക്കറ്റിന് 124. വെസ്റ്റ് ഇന്‍ഡീസ്-248, 390. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 140 റണ്‍സിനും ജയിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറികള്‍ നേടിയ യശ്വസി ജയ്‌സ്വാളിന്റെയും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും, അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്.
ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയ മൂന്ന് പേരും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത ജയ്‌സ്വാളിനെ ജോമല്‍ വരിക്കാനാണ് പുറത്താക്കിയത്. 39 റണ്‍സെടുത്ത സായിയെയും, 13 റണ്‍സെടുത്ത ഗില്ലിനെയും വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് പുറത്താക്കി. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും (108 പന്തില്‍ 58 റണ്‍സ്), ആറു പന്തില്‍ ആറു റണ്‍സുമായി ധ്രുവ് ജൂറലും പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്. സെഞ്ചുറികള്‍ നേടിയ ജോണ്‍ കാംബെലും, ഷായ് ഹോപ്പും ഇന്നിങ്‌സ് ജയമെന്ന ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തി. കാംബെല്‍ 199 പന്തില്‍ 115 റണ്‍സും, ഹോപ് 214 പന്തില്‍ 103 റണ്‍സും അടിച്ചുകൂട്ടി. ഇവര്‍ക്കൊപ്പം പുറത്താകാതെ 85 പന്തില്‍ 50 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സും, 72 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസും വിന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ പൊരുതി.
ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും, രണ്ടാമത്തേതില്‍ മൂന്നും വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. കുല്‍ദീപാണ് കളിയിലെ താരം.