
വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടം. ടോസ് വിജയിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഒരു മാറ്റവുമായി ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ടീമിന് 100 ശതമാനം പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ കളിയിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാണ്.
ലോകകപ്പിൽ ലെഫ്റ്റ് ആം സ്പിന്നർമാർക്കെതിരായ ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യം കണക്കിലെടുത്ത് സോഫി മോളിന്യുവിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർജിയ വെയർഹാമാണ് പുറത്തിരിക്കുക. ഒരു സ്പെഷ്യലിസ്റ്റ് പേസർ എന്ന തന്ത്രം ഈ മത്സരത്തിലും ഇന്ത്യ തുടരും. കഴിഞ്ഞ മത്സരങ്ങളിൽ ഈ തന്ത്രം പൂർണമായി വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കളിയും ഇന്ത്യ ഇതേ തന്ത്രം സ്വീകരിച്ചത് എല്ലാവരെയും അമ്പരപ്പിക്കുന്നുണ്ട്.
ഓസ്ട്രേലിയയും ഒരു സ്പെഷ്യലിസ്റ്റ് പേസറെയാണ് ടീമിൽ പരിഗണിച്ചിരിക്കുന്നത്. മേഗൻ ഷൂട്ട് ഈ റോളിലെത്തുന്ന ടീമിൽ 10ആം നമ്പർ വരെ നീളുന്ന ബാറ്റിംഗ് ഓപ്ഷനുകളുണ്ട്. ഇന്ത്യക്ക് 9ആം നമ്പർ വരെയാണ് ബാറ്റിംഗ് ഓപ്ഷൻ. ടോപ്പ് ഓർഡർ തുടരെ പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ പ്രശ്നം.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ജമീമ റോഡ്രിഗസ് തുടങ്ങിയവരൊക്കെ തുടരെ നിരാശപ്പെടുത്തുന്നു. ഹർലീൻ ഡിയോൾ, പ്രതിക റാവൽ എന്നിവരാണ് ടോപ്പ് ഓർഡറിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നത്. റിച്ച ഘോഷിൻ്റെ ഗംഭീര ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ന്യൂസീലൻഡിനെയും പാകിസ്താനെയും പരാജപ്പെടുത്തി എത്തിയ ഓസ്ട്രേലിയ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. ശ്രീലങ്കക്കെതിരായ കളി മഴയിൽ ഉപേക്ഷിച്ചതാണ് ഓസ്ട്രേലിയയുടെ തിരിച്ചടി.