തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം ഒടുവിൽ എത്തിച്ചേർന്നു. ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം തുടങ്ങുന്നത്.(India-Sri Lanka Women's T20: Kariyavattom to witness historic clash)
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് കളികളിലും ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. ഇന്ന് കാര്യവട്ടത്ത് ജയിക്കാനായാൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.
ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണയും അരുന്ധതി റെഡ്ഡിയും നയിക്കുന്ന ബൗളിംഗ് നിര ലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ പ്രാപ്തമാണ്. പരമ്പരയിൽ ജീവൻ നിലനിർത്താൻ ചമരി അത്തപ്പത്തു നയിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറുകളാക്കി മാറ്റാൻ ലങ്കൻ ബാറ്റർമാർക്ക് സാധിച്ചിരുന്നില്ല. ചമരി അത്തപ്പത്തുവിനൊപ്പം ഹർഷിത സമരവിക്രമയുടെ പ്രകടനമാകും ലങ്കൻ നിരയിൽ നിർണ്ണായകമാവുക. കേരളത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നത് എന്ന പ്രത്യേകത ഇന്നത്തെ പോരാട്ടത്തിനുണ്ട്.