

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഞായറാഴ്ച റാഞ്ചിയിൽ തുടക്കമാകും. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരുക്കേറ്റ സാഹചര്യത്തിൽ കെ.എൽ. രാഹുലിനു കീഴിലാണ് ടീം ഇറങ്ങുക. ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഏകദിന പരമ്പരയിൽ ഒപ്പമുണ്ടെന്നതാണ് ഇന്ത്യയ്ക്ക് ഊർജം പകരുന്നത്.
ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ അവസാന ദിനത്തിൽ രോഹിത്തും കോലിയും പുറത്തെടുത്ത ഉജ്വല ബാറ്റിങ്ങാണ് ഓസീസിനെതിരേ ഇന്ത്യയ്ക്ക് ആശ്വാസജയം നൽകിയത്. അതുകൊണ്ടു തന്നെ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണുകളായി നിലകൊള്ളുന്ന രോഹിത്-കോലി സഖ്യം ടീമിന് അവശ്യം വേണ്ട സ്ഥിരത നൽകുമെന്നാണു പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനു മുന്നോടിയായി കഠിന പരിശീലനത്തിലാണ് രോഹിത്തും കോലിയും. നെറ്റ്സിൽ ഇരുവരും ഏറെ നേരം ബാറ്റിങ് പ്രാക്റ്റീസ് ചെയ്തു. തിലക് വർമയും ഋതുരാജ് ഗെയ്ക്ക്‌വാദും പരിശീലന ക്യാംപിൽ എത്തി. രണ്ടു ബാറ്റർമാരും നെറ്റ്സിൽ സമയം ചെലവിടുകയും ചെയ്തു.
ശ്രേയസ് അയ്യരുടെ അഭാവത്തിൽ പ്ലെയിങ് ഇലവനിലെത്തുന്നത് തിലക് വർമയോ ഋഷഭ് പന്തോ എന്നാണ് അറിയാനുള്ളത്. റിസർവ് ബാറ്ററായി ധ്രുവ് ജുറലും ടീമിലുണ്ട്. ഗില്ലിന്‍റെ സ്ഥാനത്ത് യശസ്വി ജയ്സ്വാൾ ഓപ്പണിങ്ങിൽ രോഹിത് ശർമയുടെ പങ്കാളിയാകാനാണ് സാധ്യത. ഫോമിലുള്ള ഋതുരാജ് ഗെയ്ക്ക്വാദും പരിഗണിക്കപ്പെടാം.