

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. കട്ടക്കിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗും ഇന്ത്യൻ ബൗളർമാരുടെ ഒത്തിണങ്ങിയ പ്രകടനവുമാണ് വിജയത്തിന് അടിത്തറയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
അർധ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെ (59 റൺസ്) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 28 പന്തിൽ നിന്ന് ആറ് ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹാർദിക്കിൻ്റെ ഇന്നിംഗ്സ്. തിലക് വർമ (26 റൺസ്), അക്സർ പട്ടേൽ (23 റൺസ്) എന്നിവരും മികച്ച സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റും ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവൻ ഫെരേര ഒരു വിക്കറ്റും വീഴ്ത്തി.
176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നു വീണു. 74 റൺസിന് എല്ലാവരും ഓൾഔട്ടായി. 22 റൺസെടുത്ത ഡിവാൾഡ് ബ്രെവിസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ബൗളർമാർക്ക് പിഴച്ചില്ല.
അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി . ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും നേടി. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തി.