

അണ്ടർ-19 ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാനെ 90 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടാകുകയായിരുന്നു. എന്നാൽ, പാക്കിസ്ഥാനെ 41.2 ഓവറിൽ 150 റൺസിന് എല്ലാവരെയും കൂടാരം കയറ്റി ഇന്ത്യൻ കൗമാര താരങ്ങൾ ആധികാരിക വിജയം നേടി.
സ്റ്റാർ ഓപ്പണർ വൈഭവ് സൂര്യവംശി (5) തുടക്കത്തിൽ തന്നെ പുറത്തായി. തുടർന്ന് ക്യാപ്റ്റൻ ആയുഷ് മാത്രെയും (25 പന്തിൽ 38) മറുനാടൻ മലയാളി ആറോൺ ജോർജും (88 പന്തിൽ 85) ചേർന്ന് ടീമിന് മികച്ച അടിത്തറയിട്ടു. ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത ഓൾറൗണ്ടർ കനിഷ്ക് ചൗഹാൻ (46 പന്തിൽ 46) കാഴ്ചവച്ച ഇന്നിങ്സും നിർണായകമായി.
പിന്നീട് 33 റൺസ് വഴങ്ങി മൂന്നു പാക് വിക്കറ്റുകളും പിഴുത ഓഫ് സ്പിന്നർ കനിഷ്ക് തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്. ഇൻഫോം മീഡിയം പേസർ ദീപേഷ് ദേവേന്ദ്രൻ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരോവർ പന്തെറിയാനുമെത്തിയ വൈഭവ് സൂര്യവംശിയും ഒരു വിക്കറ്റ് നേടി.