ഓസീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം; ഇടിമിന്നൽ കാരണം കളി നിർത്തി | T20 Series
അഞ്ചാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 52 റൺസെന്ന നിലയിലാണ് ഇന്ത്യ. മോശം കാലാവസ്ഥയെ തുടർന്നു മത്സരം നിർത്തിവച്ചു. മഴ പെയ്യുന്നില്ലെങ്കിലും കനത്ത ഇടിമിന്നലുണ്ട്. ഗാലറിയിലെ ലോവർ സ്റ്റാൻഡുകളിൽനിന്നുൾപ്പെടെ കാണികളെ നീക്കിയിട്ടുണ്ട്.
ഓപ്പണർമാരായ അഭിഷേക് ശർമയും (13 പന്തിൽ 23*) ശുഭ്മാൻ ഗില്ലുമാണ് (16 പന്തിൽ 29*) ആണ് ക്രീസിൽ. പരമ്പരയിലുടനീളം ഫോം കണ്ടെത്താൻ സാധിക്കാത്ത ഗിൽ, തുടക്കം മുതൽ ഓസീസ് ബോളർമാരെ പ്രഹരിച്ചു. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോറടിച്ച ഗിൽ, മൂന്നാം ഓവറിൽ തുടർച്ചയായി നാലു പന്തുകൾ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗിൽ അടിച്ചത്. അഭിഷേക് ശർമ ഒരു സിക്സും ഒരു ഫോറുമടിച്ചു.
ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കലും അഭിഷേക് ശർമ പിന്നിട്ടു. ഏറ്റവും കുറഞ്ഞ പന്തിൽ (528) ആയിരം റൺസു പിന്നിടുന്ന താരമെന്ന റെക്കോർഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (573) റെക്കോർഡാണ് തകർത്തത്. ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശർമ. വിരാട് കോലി 27 ഇന്നിങ്സുകളിൽനിന്ന് ആയിരം റൺസു തികച്ചപ്പോൾ അഭിഷേക് നേട്ടത്തിലെത്താൻ എടുത്തത് 28 ഇന്നിങ്സുകൾ.

