

ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിൽ പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുന്നു. വിരാട് കോലിയുടെ ഉജ്ജ്വലമായ ഫോമും രോഹിത് ശർമയുടെ ആക്രമണോത്സുകതയുമാണ് നിലവിൽ ഇന്ത്യയുടെ കരുത്ത്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആരംഭിക്കും.
ഏകദിന ലോകകപ്പിന് ഇനി രണ്ട് വർഷം ബാക്കിനിൽക്കെ, കോലിയും രോഹിത്തും ഓരോ മത്സരത്തിലും തങ്ങളുടെ കായികക്ഷമതയും ഫോമും തെളിയിക്കാൻ ശ്രമിക്കുന്നതിനൊപ്പം, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വർധിച്ചു വരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബിസിസിഐ ഇടപെടുന്ന ഘട്ടത്തിലേക്കു വരെ ഇതു വളർന്നുകഴിഞ്ഞു.
കഴിഞ്ഞ രണ്ട് ഏകദിനങ്ങളിൽ തുടർച്ചയായി ഇന്ത്യക്ക് വിജയങ്ങൾ നേടിക്കൊടുത്ത കോലിയും രോഹിത്തും ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്നു. ഇരുവരുടെയും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഗംഭീറും വ്യക്തമായ നിലപാട് എടുക്കാതിരുന്നതാണ് ഇരുപക്ഷങ്ങൾക്കുമിടയിലെ സംഘർഷങ്ങളുടെ പ്രധാന കാരണം എന്നാണ് വിവരം.
ആദ്യ മത്സരത്തിൽ ജയം നേടിയെങ്കിലും ഇന്ത്യക്ക് ആശങ്ക ഒഴിയുന്നില്ല. ടീം കോംബിനേഷൻ തന്നെയാണ് മുഖ്യ പ്രശ്നം. ലിസ്റ്റ് എ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഋതുരാജ് ഗെയ്ക്വാദിനെ ഓപ്പണിങ്ങിൽ നിന്ന് നാലാം സ്ഥാനത്തേക്ക് മാറ്റി. ഈ റോളിൽ ഋതുരാജ് പൂർണ സജ്ജനായി തോന്നിയില്ല. അതേസമയം, നാലാം നമ്പറിനു യോജിച്ച തിലക് വർമ, ഋഷഭ് പന്ത് എന്നിവരെ പുറത്തിരുത്തി. സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായ കെ.എൽ. രാഹുൽ നാലാമതോ അഞ്ചാമതോ ഇറങ്ങാതെ ആറാം നമ്പർ വരെ കാത്തിരിക്കുന്നു. അഞ്ചാം നമ്പർ ബാറ്റിങ് പൊസിഷനിൽ നിയോഗിക്കപ്പെട്ട വാഷിങ്ടൺ സുന്ദർ ആ റോളിനു യോജിച്ച രീതിയിൽ കളിച്ചതുമില്ല. വാഷിങ്‌ടൺ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചില്ല. മൂന്നോവർ മാത്രമാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്. അതിൽ 18 റൺസും വഴങ്ങി.
പുതിയ പന്തുമായി ഹർഷിത് റാണ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ, പിന്നീട് റൺസ് വഴങ്ങുന്ന രീതി തുടർന്നു. 34-ാം ഓവറിനു ശേഷം ഒരു പന്ത് മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ എന്ന നിയമം നിലനിൽക്കെ, കൂടുതൽ നിയന്ത്രണം ആവശ്യമാണ്.കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി നിർണായക പ്രകടനം പുറത്തെടുത്തു. 68 റൺസ് വഴങ്ങിയെങ്കിലും, അദ്ദേഹത്തിന്‍റെ ബൗളിങ് വേരിയേഷനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിൽ എത്താതെ പോയതിനു പ്രധാന കാരണം.
അതേസമയം, ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തിന് ശേഷം വിശ്രമം അനുവദിച്ച റെഗുലർ ക്യാപ്റ്റൻ ടെംബ ബവുമയും കേശവ് മഹാരാജും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം കളിച്ചത്. ഇവരുടെ തിരിച്ചുവരവോടെ ടീം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർബിൻ ബോഷ് ഉൾപ്പെടെയുള്ള അവരുടെ നീണ്ട ബാറ്റിങ് നിര ഇന്ത്യക്ക് ഭീഷണിയാണ്.
ടീമുകൾ:
ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, തിലക് വർമ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടോണി ഡി സോർസി, റൂബിൻ ഹെർമൻ (വിക്കറ്റ് കീപ്പർ), ഐഡൻ മാർക്രം, റയാൻ റിക്കെൽട്ടൺ (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ യാൻസൻ, പ്രെനേലൻ സുബ്ബരായൻ, ഒറ്റ്നീൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.