

വനിതാ ഏകദിന ലോകകപ്പിൻ്റെ സെമിഫൈനലിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസീസ് ടീമിൽ രണ്ട് മാറ്റങ്ങളും ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളുമുണ്ട്. ഇന്നത്തെ കളി വിജയിക്കുന്ന ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ഓസീസ് ടീമിൽ ജോർജിയ വെയർഹാമിന് പകരം സോഫി മോളിന്യൂ ടീമിലെത്തിയപ്പോൾ ജോർജിയ വോളിന് പകരം അലിസ ഹീലി തിരികെ ടീമിലെത്തി. ഇന്ത്യൻ ടീമിൽ പരിക്കേറ്റ് പുറത്തായ പ്രതിക റാവലിന് പകരം ഷഫാലി വർമ്മ കളിക്കും. ഉമ ഛേത്രി, ഹർലീൻ ഡിയോൾ എന്നിവർക്ക് പകരം റിച്ച ഘോഷ്, ക്രാന്തി ഗൗഡ് എന്നിവർക്കും ഇടം ലഭിച്ചു. സ്നേഹ് റാണയ്ക്ക് പകരമെത്തിയ രാധ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി.
ലീഗ് ഘട്ടത്തിൽ ഒരു കളി പോലും തോൽക്കാതെ ആധികാരികമായാണ് ഓസ്ട്രേലിയ സെമി യോഗ്യത നേടിയത്. ഏഴ് കളിയിൽ ആറെണ്ണം വിജയിച്ച ഓസ്ട്രേലിയയുടെ ഒരു കളി മഴയിൽ മുടങ്ങി. ആകെ 13 പോയിൻ്റാണ് നിലവിലെ ലോക ജേതാക്കൾക്ക് ഉണ്ടായിരുന്നത്. ഇന്ത്യ ഏഴ് കളിയിൽ നിന്ന് കേവലം മൂന്ന് ജയം സഹിതം ഏഴ് പോയിൻ്റുമായി നാലാം സ്ഥാനത്താണ്.