

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ചയും ഫോളോ ഓൺ ഭീഷണിയും. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയ 489 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് 194 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെയും ഐപിഎൽ താരങ്ങളെയും കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ശൈലിയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ വൺഡൗണായിരുന്ന വാഷിങ്ടൺ സുന്ദർ ഇത്തവണ എട്ടാം നമ്പറിലിറങ്ങി 48 റൺസെടുത്തതാണ് ഇന്ത്യൻ തകർച്ചയുടെ ആഴം കുറച്ചത്.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു. പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിൽ ഇറങ്ങിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.
122 റൺസെടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യയെ ഒരു പരിധി വരെ പിടിച്ചുനിർത്തിയത് വാഷിങ്ടൺ സുന്ദർ - കുൽദീപ് യാദവ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റിൽ ഇവർ 72 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 48 റൺസെടുത്ത സുന്ദർ, സൈമൺ ഹാർമറുടെ പന്തിൽ മാർക്രമിനു ക്യാച്ച് നൽകിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.