
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ കൂറ്റൻ ജയവുമായി എഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതിയ ഇന്ത്യ,ലോർഡ്സിൽ സമാനപ്രകടനം ആവർത്തിച്ചാൽ പരമ്പരയിൽ മുന്നിലെത്താം.
രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയ ബുംറ മൂന്നാം മത്സരത്തിനുണ്ടാവുമെന്നാണ് ഗിൽ വ്യക്തമാക്കിയിട്ടുള്ളത്. ലീഡ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ സ്റ്റാർ പേസറുടെ വരവ് ആക്രമണത്തിന്റെ മൂർച്ച കൂട്ടും. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റുമായി എഡ്ജ്ബാസ്റ്റൺ വാണ പേസ് സെൻസേഷൻ ആകാശ് ദീപും ഏഴുപേരെ പറഞ്ഞുവിട്ട മുഹമ്മദ് സിറാജും ഇംഗ്ലീഷ് ബാറ്റർമാർക്ക് തലവേദനയാണ്. ബുംറ വരുമ്പോൾ പ്രസിദ്ധ് കൃഷ്ണ പുറത്തിരിക്കേണ്ടിവരും.
അതേസമയം, രണ്ട് സ്പിന്നർമാർ തുടരാനാണ് സാധ്യത. ഇത് ഓൾ റൗണ്ടർമാരായ രവീന്ദ്ര ജദേജക്കും വാഷിങ്ടൺ സുന്ദറിനും വീണ്ടും അവസരമൊരുക്കും. പേസ് ബൗളിങ് ഓൾ റൗണ്ടറെന്ന നിലയിൽ നിതീഷ് കുമാർ റെഡ്ഡിയെത്തന്നെ പരിഗണിച്ചേക്കും. ബാറ്റർമാരിൽ രണ്ട് ടെസ്റ്റ് കളിച്ചിട്ടും ഒരു അർധ സെഞ്ചുറിപോലും നേടാനാവാതെപോയത് മലയാളി താരം കരുൺ നായർക്ക് മാത്രമാണ്. കരുണിനെ ഇനി പരിഗണിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ സായ് സുദർശനായിരിക്കും ടീമിൽ ഇടം നേടുക.
ഇംഗ്ലണ്ട് ടീമിൽ പേസർ ജോഫ്ര ആർച്ചർ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ ഇതോടെ ജോഷ് ടങ് പുറത്തായി. 2021ൽ പരിക്ക് കാരണം ടീമിൽനിന്ന് പുറത്തായ ആർച്ചർ പിന്നീട് ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ സജീവമായിരുന്നു. ഇംഗ്ലണ്ടിലെ മറ്റു പിച്ചുകളെപ്പോലെ പേസ് ബൗൾ സൗഹൃദമാണ് ലോർഡ്സും.
ഇന്ത്യൻ ടീം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, സായ് സുദർശൻ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറെൽ, ഷാർദുൽ ഠാക്കൂർ.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ:
ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ഷുഐബ് ബഷീർ.