
വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 518 റൺസിനു ഡിക്ലയർ ചെയ്തു. ഇന്ത്യയുടെ 5 വിക്കറ്റുകൾ മാത്രമാണ് വിൻഡീസിനു വീഴ്ത്താനായത്. രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (196 പന്തിൽ 129*) സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. 177 പന്തിലാണ് ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചറി ഗിൽ നേടിയത്. രണ്ടു സിക്സും 16 ഫോറുമാണ് ഗില്ലിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂന്നു വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.
രണ്ടാം ദിനത്തെ രണ്ടാം ഓവറിൽ തന്നെ, ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച യശ്വസി ജയ്‌സ്വാൾ (258 പന്തിൽ 175) റണ്ണൗട്ടായത് ഇന്ത്യയ്ക്കു നിർഭാഗ്യമായി. ജയ്ഡൻ സീൽസ് എറിഞ്ഞ പന്തിൽ അതിവേഗ സിംഗിളിനായി ഓടിയ ജയ്‌സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്‍മാൻ ഗിൽ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്‌സ്വാൾ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുൻപ് ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച്, ജയ്‌സ്വാളിനെ പുറത്താക്കുകയായിരുന്നു.
പിന്നീടെത്തിയത്, അഞ്ചാമനായി സ്ഥാനം കയറ്റം ലഭിച്ച നിതീഷ് കുമാർ റെഡ്ഡിയാണ് (54 പന്തിൽ 43). ഏകദിന ശൈലിയിൽ ബാറ്റു വീശിയ റെഡ്ഡി, രണ്ടു സിക്സും നാലും ഫോറുമടിച്ചു. ജോമൽ വാരികാന്റെ പന്തിൽ ജയ്ഡൻ സീൽസ് റെഡ്ഡിയെ കയ്യിലൊതുക്കുകായിരുന്നു. ആറാമനായി എത്തിയ ധ്രുവ് ജുറേലും ഗില്ലിനു ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 500 കടന്നു. 79 പന്തിൽ 44 റൺസെടുത്ത ജുറേൽ പുറത്തായതോടെ, ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.