
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. മത്സരം 95 ഓവറുകൾ പിന്നിടുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ് ഇന്ത്യ. ഷാർദൂൽ ഠാക്കൂറും (72 പന്തിൽ 39), വാഷിങ്ടൻ സുന്ദറുമാണു (37 പന്തിൽ 11) ക്രീസിൽ.
40 പന്തിൽ 20 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റർ. ജോഫ്ര ആർച്ചറുടെ പന്തിൽ ഹാരി ബ്രൂക്ക് ക്യാച്ചെടുത്ത് ജഡേജയെ പുറത്താക്കി. ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാളും (107 പന്തിൽ 58) സായ് സുദർശനും (161 പന്തിൽ 61) അർധ സെഞ്ചറികൾ നേടി പുറത്തായി. കെ.എൽ. രാഹുൽ (46), ശുഭ്മൻ ഗിൽ (12) എന്നിവരും ആദ്യ ദിനം പുറത്തായിരുന്നു.
ഋഷഭ് പന്ത് പരുക്കേറ്റു മടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ക്രിസ് വോക്സിന്റെ പന്തു നേരിടുന്നതിനിടെ ഋഷഭ് പന്തിന്റെ കാലിൽ പരുക്കേൽക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇന്ത്യൻ താരത്തെ ഗോൾഫ് കാർട്ട് എത്തിച്ചാണു ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. പന്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യില്ല. പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേൽ എത്തുമെങ്കിലും ബാറ്റിങ്ങിന് ഇറങ്ങാൻ സാധിക്കില്ല.