ടെസ്റ്റ് ചാംപ്യൻഷിപ്പ്: പട്ടികയിൽ ഇന്ത്യ പാകിസ്താന് പിന്നിൽ | Gautam Gambhir

ടീമിന് കഴിവ് തെളിയിക്കാൻ സമയം വേണമെന്ന് ഗംഭീർ
Gautam Gambhir
Updated on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും തോറ്റതോടെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യയ്ക്കു തിരിച്ചടി. ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് നിലയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കു താഴ്ന്നു. ഈ ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിൽ കളിച്ച 9 മത്സരങ്ങളിൽ 4 വീതം ജയവും തോൽവിയും ഒരു സമനിലയിലുമാണ് ഇന്ത്യയുടെ പേരിലുള്ളത്.

48.15 പോയിന്റ് ശതമാനവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായപ്പോൾ 75 ശതമാനം പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ഇതുവരെ കളിച്ച 4 മത്സരവും ജയിച്ച്, 100 ശതമാനം പോയിന്റുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. ശ്രീലങ്ക (66.67), പാക്കിസ്ഥാൻ (50) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 408 റൺസിന്റെ തോൽവിയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ വഴങ്ങിയത്.

അതേസമയം, തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു മത്സരത്തിനുശേഷം പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു. ‘‘ഞാൻ ഉൾപ്പെടെ ടീമിലെ എല്ലാവർക്കും ഈ തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. അത് അംഗീകരിക്കാനും കഴിയില്ല. നിങ്ങൾ ന്യൂസീലൻഡിനെതിരായ തോൽവിയെക്കുറിച്ചും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇപ്പോൾ സംഭവിച്ച തോൽവിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. പക്ഷേ, ഇതേ ഞാൻ തന്നെയാണ് ടീമിനൊപ്പം ചാംപ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിയത്. അതു നിങ്ങൾ സൗകര്യപൂർവം മറക്കുന്നു.’’ - ഗംഭീർ പറഞ്ഞു.

‘‘ഞങ്ങളുടെ ടീമിൽ ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കു മികവു തെളിയിക്കാൻ സമയവും അവസരവും നൽകണം. അല്ലാതെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്റെ ഭാവിയെക്കുറിച്ച് ബിസിസിഐക്ക് തീരുമാനിക്കാം. പരിശീലകന്റെ ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞതു തന്നെയാണ് ഇന്നും പറയാൻ ആഗ്രഹിക്കുന്നത്. ടീമാണ് പ്രധാനം, ഇന്ത്യൻ ക്രിക്കറ്റിനാകണം പ്രാധാന്യം. അല്ലാതെ ഞാൻ ഉൾപ്പെടെയുള്ള വ്യക്തികൾക്കല്ല.’’– മത്സരശേഷം ഗംഭീർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com