രാജ്ഗിര്‍ : ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം.ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. പലതവണ ദക്ഷിണ കൊറിയന്‍ ഗോള്‍മുഖത്ത് ഇന്ത്യന്‍ താരങ്ങള്‍ ഇരച്ചെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.
രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ ദിൽപ്രീത് സിങും അമിത് രോഹിദാസും ഇന്ത്യയ്‌ക്കായി ഗോൾ നേടി. മത്സരം അവസാനിക്കാൻ ഇരിക്കെയാണ് കൊറിയ ആശ്വാസ ഗോൾ നേടിയത്.ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ടു.