ഗുവാഹത്തി: അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യക്ക് (2-0) ഇന്ന് കൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ഏകദിന പരമ്പരയിലെ തോൽവിക്ക് ടി20 ജയത്തിലൂടെ മറുപടി നൽകാനാണ് ടീം ഇന്ത്യയുടെ ശ്രമം.(India aiming for series win against New Zealand)
ഇന്ത്യൻ നിരയിൽ നായകൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് വലിയ ആശ്വാസമാണ്. രണ്ടാം മത്സരത്തിൽ 37 പന്തിൽ പുറത്താകാതെ നേടിയ 82 റൺസ് താരത്തിന്റെ പഴയ കരുത്ത് ഓർമ്മിപ്പിക്കുന്നതായിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്നത് സഞ്ജുവിനെ വലിയ സമ്മർദ്ദത്തിലാക്കുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ഇന്ന് മികച്ച ഇന്നിങ്‌സ് കളിച്ചേ മതിയാകൂ.
അടുത്ത മാസം 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിന് മുൻപ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. അതിനാൽ തന്നെ പരീക്ഷണങ്ങൾക്കും കൃത്യമായ ഇലവനെ കണ്ടെത്താനുമുള്ള അവസരമാണിത്. വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറയും അക്സർ പട്ടേലും ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കും. ബൗളിംഗ് നിരയിലെ പോരായ്മകൾ പരിഹരിക്കുക എന്നതാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം. മത്സര സമയം വൈകുന്നേരം 7 മണി മുതൽ ആണ്. ഗുവാഹത്തിയാണ് വേദി.