
സൂപ്പർ ലീഗ് കേരളയിൽ ഇന്നു മലബാർ ഡെർബി. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി, ഹോം ടീമായ മലപ്പുറം എഫ്സിയെ നേരിടും. മത്സരത്തിനു മുന്നോടിയായി സൂപ്പർ ലീഗ് കേരള, ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ ആരാധകർ ഏറ്റെടുത്തു. കാലിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫും മലപ്പുറം ടീമിന്റെ ഉടമകളിലൊരാളായ ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള നർമസംഭാഷണമാണ് വിഡിയോയിലുള്ളത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ, ബേസിൽ ഫോൺ വിളിക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘ഹലോ, ബോൽ’ എന്നു സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്നു ബേസിൽ പറയുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ഒരു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്.
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്) എന്ന ആർസിബി ആരാധകരുടെ വാചകം ബേസിൽ പറയുമ്പോൾ, ‘നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല’ എന്നു സഞ്ജു പറയുന്നു. ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്നു പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു’ എന്നാണ് ഇതിനു ബേസിലിന്റെ തഗ് മറുപടി. ‘ചുമ്മാ അതിറുതില്ലേ..’ എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു.