
ഏഷ്യാകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ ഒന്നു പതറിയെങ്കിലും സഞ്ചുവിന്റെ അർധസെഞ്ച്വറിയുടെയും അഭിഷേക് ഷർമ, തിലക് വർമ എന്നിവരുട മികച്ച പ്രകടനത്തിന്റെയും കരുത്തിൽ വിജയിക്കുകയായിരുന്നു. മത്സരത്തിൽ 21 റൺസിന് ഇന്ത്യ വിജയിച്ചെങ്കിലും നായകൻ സൂര്യകുമാർ യാദവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കരുടെ മകൻ രോഹൻ ഗവാസ്കർ.
മത്സരത്തിൽ ബാറ്റിങിൽ ടീം പ്രതിസന്ധി നേരിടുമ്പോൾ ക്യാപ്റ്റൻ എന്തുകൊണ്ടാണ് കളത്തിലിറങ്ങാൻ തയ്യാറാകാതിരുന്നതെന്നും ആ അവസരം മറ്റാർക്കെങ്കിലും നൽകാമായിരുന്നില്ലേ എന്നുമാണ് രോഹൻ ഗവാസ്കർ ചോദിക്കുന്നത്. തനിക്ക് ശേഷം ഇറങ്ങാനിരുന്നവർക്ക് പ്രമോഷൻ നൽകിയ സൂര്യ ഇന്നലെ ബാറ്റിങിനിറങ്ങിയിരുന്നില്ല.
''എന്തിനാണ് അദ്ദേഹം ഇങ്ങനെ പെരുമാറിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ബാറ്റ് ചെയ്യാൻ ഉദ്ദേശമില്ലെങ്കിൽ അദ്ദേഹത്തിന് റെസ്റ്റ് എടുക്കാമായിരുന്നല്ലോ, ബോളിങിലും കാര്യമായി ഒന്നും ചെയ്യാനില്ല, ഇനിയും ഇങ്ങനെ ചെയ്യാനുദ്ദേശമുണ്ടെങ്കിൽ റിങ്കുവിന് ഒരു കളിയിൽ അവസരം കൊടുക്കാമായിരുന്നു.'' രോഹൻ ക്രിക്ബസിൽ പറഞ്ഞു. ഏഷ്യാകപ്പിൽ ഇതിനോടകം പലർക്കും അവസരം ലഭിച്ചിരുന്നെങ്കിലും റിങ്കുവിനും ജിതേഷിനും ഇതുവരെയ്ക്കും കളത്തിലിറങ്ങാനായിരുന്നില്ല.
അതേസമയം, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ നായകന്റെ തീരുമാനത്തെ പിന്തുണച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ പരമ്പരകളിലെ ക്യാപ്റ്റന്റെ അപ്രതീക്ഷിത നീക്കങ്ങളെ ഓർമിപ്പിച്ച അദ്ദേഹം സൂര്യകുമാർ നല്ലൊരു ചിന്തകനാണെന്നും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ ടീമിന് അനുകൂലമാക്കി മാറ്റാമെന്ന് അയാൾക്ക് നന്നായി അറിയാമെന്നും കൂട്ടിച്ചേർത്തു.