

റയൽ മാഡ്രിഡിൻ്റെ പരിശീലകൻ സാബി അലോൻസോയെ വിമർശിച്ചു യുവ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ ദിവസം ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോയിൽ തന്നെ പിൻവലിച്ചതിന് പിന്നാലെയാണ് താരം പരിശീലകനെതിരെ വിമർശനമുയർത്തിയത്.
മത്സരത്തിൻ്റെ 72ആം മിനിട്ടിൽ വിനീഷ്യസിനെ പിൻവലിച്ച അലോൻസോ റോഡ്രിഗോയെ പകരം കളത്തിലിറക്കി. പിച്ചിൽ നിന്ന് ഡഗൗട്ടിലേക്ക് നടക്കുമ്പോൾ "എപ്പോഴും ഇങ്ങനെയാണെങ്കിൽ ഞാൻ ടീം വിടുകയാണ്. ടീം വിടുന്നത് തന്നെയാണ് എനിക്ക് നല്ലത്."- എന്ന് താരം പറഞ്ഞു.
സാബി അലോൻസോയുടെ സഹപരിശീലകനായ സബാസ് പരില്ലയോടാണ് വിനീഷ്യസ് തൻ്റെ ദേഷ്യവും വിമർശനവും അറിയിച്ചത്. ഇത് പരിശീലകൻ സാബി അലോൻസോയ്ക്കും റയൽ മാനേജ്മെൻ്റിനുമുള്ള മുന്നറിയിപ്പായാണ് സമൂഹമാധ്യമങ്ങൾ കണക്കാക്കുന്നത്. എന്നാൽ, വിനീഷ്യസിൻ്റെ വിമർശനത്തിന്, "എന്താണ് വിനീ ഇത്. ഛേ!" എന്നാണ് അലോൻസോ പറഞ്ഞത്. ഇതോടെ അലോൻസോയും വിനീഷ്യസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമല്ലെന്നാണ് ആരാധകർ പറയുന്നത്.
എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ 2-1ന് വിജയിക്കാൻ റയലിന് സാധിച്ചിരുന്നു. ഇതോടെ തൻ്റെ ആദ്യ എൽ ക്ലാസിക്കോയിൽ തന്നെ അലോൻസോ വിജയം രുചിച്ചു. തുടരെ ബാഴ്സയ്ക്കെതിരായ നാല് പരാജയങ്ങൾക്ക് അവസാനം കുറിച്ചായിരുന്നു റയലിൻ്റെ വിജയം.