മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയതിനു പിന്നാലെ, മെഗാ താരലേലത്തിൽ രാജസ്ഥാൻ സ്വീകരിച്ച തന്ത്രങ്ങളെ വിമർശിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ താരം അഭിനവ് മുകുന്ദ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 100 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാജസ്ഥാൻ, ടൂർണമെന്റിൽ പ്ലേഓഫ് കാണാതെ പുറത്തായത്. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്നു ജയവും എട്ടു തോൽവിയും സഹിതം ആറു പോയിന്റുമായി 9–ാം സ്ഥാനത്താണ് രാജസ്ഥാൻ. ഇതിനു പിന്നാലെയാണ് രാജസ്ഥാൻ താരലേലത്തിൽ സ്വീകരിച്ച തന്ത്രങ്ങളെ വിമർശിച്ച് അഭിനവ് മുകുന്ദ് രംഗത്തെത്തിയത്.
പതിനാലുകാരൻ വൈഭവ് സൂര്യവംശി, നിതീഷ് റാണ തുടങ്ങിയ ബാറ്റർമാർക്കു പകരം, ആ പണം ഉപയോഗിച്ച് മികച്ച ബോളർമാരെ വാങ്ങാനായിരുന്നു രാജസ്ഥാൻ ശ്രമിക്കേണ്ടിയിരുന്നതെന്ന് മുകുന്ദ് അഭിപ്രായപ്പെട്ടു.
‘‘മെഗാ താരലേലത്തിൽ അവർ ഏറ്റവുമധികം പണം ചെലവഴിച്ച അവരുടെ മികച്ച ബോളർ ജോഫ്ര ആർച്ചറാണ്. നിർഭാഗ്യവശാൽ, കോടികൾ മുടക്കിയ ഇന്ത്യൻ ബോളർമാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മുംബൈ ഇന്ത്യൻസിനെതിരെ കളത്തിലിറക്കാതിരുന്ന തുഷാർ ദേശ്പാണ്ഡെയെ 6.75 കോടി രൂപ കൊടുത്താണ് രാജസ്ഥാൻ സ്വന്തമാക്കിയത്. അതേസമയം. നിതീഷ് റാണ, വൈഭവ് സൂര്യവംശി എന്നിവർക്കായി രാജസ്ഥാൻ ചെലവഴിച്ചത് 3 കോടി, 1 കോടി എന്നിങ്ങനെയോ മറ്റോ ആണ്." – അഭിനവ് മുകുന്ദ് പറഞ്ഞു.
‘‘എത്രയെക്കെ ആലോചിച്ചു നോക്കിയാലും, വൈഭവ് സൂര്യവംശിയെ ഞാനാണെങ്കിൽ 1.1 കോടി രൂപയ്ക്ക് വാങ്ങുമായിരുന്നില്ല. നിതീഷ് റാണയെ 4.2 കോടി രൂപയ്ക്കും വാങ്ങില്ല. ആ പണം നല്ല ഒന്നുരണ്ട് ബോളർമാരെ വാങ്ങാനാകും ഞാൻ ചെലവഴിക്കുക. രാജസ്ഥാന്റെ കഴിഞ്ഞ സീസണിലെ ബോളിങ് നിരയെ നോക്കൂ. ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, അശ്വിൻ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ തുടങ്ങി ഏതു പ്രതിസന്ധി ഘട്ടത്തിലും ആശ്രയിക്കാവുന്ന നല്ല അഞ്ച് ബോളർമാരാണ് ഉണ്ടായിരുന്നത്." – മുകുന്ദ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറി കുറിച്ച് റെക്കോർഡിട്ട വൈഭവ് സൂര്യവംശി, ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു.