
ടെസ്റ്റ് ബാറ്റർ റാങ്കിങ്ങിൽ ജോ റൂട്ടിനെ മറിക്കടന്ന് ഹാരി ബ്രൂക്ക് ഒന്നാമത്. ഇന്ത്യക്കെതിരായ സീരീസിലെ പ്രകടനമാണ് ബ്രൂക്കിനെ 18 പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്തിനർഹനാക്കിയത്. എഡ്ജ്ബാസ്റ്റണിലെ പ്രകടന മികവിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ജോ റൂട്ട്, കെയ്ൻ വില്യംസൺ, യശ്വസി ജെയ്‌സ്വാൾ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് റാങ്കുകളിൽ. ബ്രൂക്കിനൊപ്പം ഇംഗ്ലണ്ടിനായി പൊരുതിയ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ആദ്യ പത്തിൽ ഇടം നേടി.
സിംബാബ്‌വെക്കെതിരെ 367 എന്ന റെക്കോർഡ് ഫിഗർ നേടിയ ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡർ ബാറ്റർ പട്ടികയിലും ഓൾ റൗണ്ടർ പട്ടികയിലും സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ബാറ്റർമാരുടെ പട്ടികയിൽ 34 സ്ഥാനങ്ങൾ കയറി 22 ആം റാങ്കിലെത്തിയപ്പോൾ ഓൾ റൗണ്ടർ പട്ടികയിൽ മൂന്നാം റാങ്കിലുമെത്തി. ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് പട്ടികയിൽ ഒന്നാമത്.
ഏകദിന റാങ്കിങ്ങിൽ ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക, ബാറ്റർ കുശാൽ മെൻഡിസ് എന്നിവരും റാങ്കിങ്ങിൽ മുന്നേറ്റങ്ങൾ നടത്തി.