ലോകകപ്പ് വേദി മാറ്റില്ല: ബംഗ്ലാദേശിൻ്റെ ആവശ്യം തള്ളി ICC | World Cup

ആശയക്കുഴപ്പം തുടരുന്നു
ലോകകപ്പ് വേദി മാറ്റില്ല: ബംഗ്ലാദേശിൻ്റെ ആവശ്യം തള്ളി ICC | World Cup
Updated on

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐ സി സി തള്ളി. ടൂർണമെന്റിലെ തങ്ങളുടെ മത്സരങ്ങൾ സംയുക്ത ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ നിലവിലെ നിശ്ചയിച്ച മത്സരക്രമത്തിൽ മാറ്റമില്ലെന്നും ഇന്ത്യയിൽ തന്നെ കളിക്കണമെന്നും ഐസിസി നിർദ്ദേശിച്ചതായി റിപ്പോർട്ട് ചെയ്തു.(ICC rejects Bangladesh's request to change World Cup venue from India)

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ താരം മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയിൽ സുരക്ഷിതമായി കളിക്കാനാവില്ലെന്ന നിലപാട് ബംഗ്ലാദേശ് സ്വീകരിച്ചത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കുകയും ചെയ്തിരുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ പ്രധാന മത്സരങ്ങൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 7: വെസ്റ്റ് ഇൻഡീസിനെതിരെ (കൊൽക്കത്ത), ഫെബ്രുവരി 9: ഇറ്റലിക്കെതിരെ (കൊൽക്കത്ത), ഫെബ്രുവരി 14: ഇംഗ്ലണ്ടിനെതിരെ (കൊൽക്കത്ത), ഫെബ്രുവരി 17: നേപ്പാളിനെതിരെ (മുംബൈ) എന്നിങ്ങനെയാണിത്.

ഐസിസിയുടെ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലവിലെ പ്രതികരണം. വേദി മാറ്റാൻ ഐസിസി തയ്യാറാകാത്ത പക്ഷം ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുമോ അതോ ഇന്ത്യയിൽ കളിക്കാനെത്തുമോ എന്ന കാര്യത്തിൽ കായികലോകത്ത് ഉത്കണ്ഠ നിലനിൽക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com