
ഐസിസി പ്ലയർ ഓഫ് ദി മന്തിൽ, സെപ്തംബറിലെ താരങ്ങളായി അഭിഷേക് ശർമ്മയും സ്മൃതി മന്ദനയും. ഏഷ്യാ കപ്പിലെ പ്രകടനങ്ങളാണ് അഭിഷേകിന് തുണയായത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ് സ്മൃതിയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. രണ്ട് ഓപ്പണർമാരും തകർപ്പൻ ഫോമിലായിരുന്നു.
ഏഷ്യാ കപ്പിൽ ഗംഭീര പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 44.85 ശരാശരിയിൽ 314 റൺസ് നേടിയ അഭിഷേകിൻ്റെ സ്ട്രൈക്ക് റേറ്റ് 200 ആയിരുന്നു. ഏഷ്യാ കപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് ശർമ്മ ആയിരുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 300 റൺസാണ് സ്മൃതി മന്ദന നേടിയത്. കഴിഞ്ഞ മാസം കളിച്ച നാല് ഏകദിനങ്ങളിൽ നിന്ന് 300 റൺസ് നേടിയ സ്മൃതിയുടെ ശരാശരി 77 ഉം സ്ട്രൈക്ക് റേറ്റ് 135.68 ആയിരുന്നു.
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും സിംബാബ്‌വെ താരം ബ്രയാൻ ബെന്നറ്റുമാണ് അഭിഷേകിനൊപ്പം മത്സരിച്ചവർ. സ്മൃതി മന്ദനയുടെ എതിരാളികളായി ഉണ്ടായിരുന്നത് ന്യൂസീലൻഡ് ബാറ്റർ തസ്മീൻ ബ്രിറ്റ്സും പാകിസ്താൻ താരം സിദ്ര അമീനും. ഇവരെ മറികടക്കാൻ ഇന്ത്യൻ താരങ്ങൾക്കായി.