
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ സമയം ബാധകമല്ലായിരുന്നു. എന്നാൽ ഇനിമുതൽ അങ്ങനെയല്ല. ഐസിസിയുടെ സ്റ്റോപ് ക്ലോക്ക് നിയമം ടെസ്റ്റ് ക്രിക്കറ്റിലും പ്രാബല്യത്തിലായി. ബോളിങ്ങിൽ ഓവർ പൂർത്തിയായശേഷം ഒരു മിനിറ്റിനകം അടുത്ത ബോളർ പന്തെറിയാൻ എത്തണം. ടീമുകൾ സമയനിഷ്ഠ പാലിക്കുന്നത് ഉറപ്പാക്കാൻ ടെസ്റ്റ് മത്സരവേദിയിലും ഇനി സ്റ്റോപ് ക്ലോക്ക് സ്ഥാപിക്കും.
കഴിഞ്ഞവർഷം ലിമിറ്റഡ‍് ഓവർ ക്രിക്കറ്റിൽ ബാധകമാക്കിയ നിയമം ഒരു വർഷത്തിനു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കും കൊണ്ടുവരുന്നത്. ഓവറുകൾക്കിടെ 60 സെക്കൻഡ് നിയമം ലംഘിക്കുന്ന ടീമിനു 2 തവണ അംപയർമാർ മുന്നറിയിപ്പ് നൽകും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് പെനൽറ്റി അനുവദിക്കും. 80 ഓവർ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ മുന്നറിയിപ്പും പിഴയും വരും.
നോബോൾ വിധിക്കുന്ന പന്തുകളിൽ സംശയാസ്പദമായ ക്യാച്ചുകൾ ഉണ്ടാകുന്നെതെങ്കിൽ അതു പരിശോധിക്കേണ്ട എന്നതാണ് നിലവിലെ നിയമം. എന്നാൽ ഐസിസിയുടെ പുതിയ നിയമഭേദഗതി അനുസരിച്ച് നോബോൾ വിളിക്കുന്ന പന്തുകളിലും സംശയാസ്പദമായ ക്യാച്ചുകൾ പരിശോധിക്കണം. ക്യാച്ച് കൃത്യമെങ്കിൽ ആ പന്തിൽ ഒരു എക്സ്ട്രാ റൺ മാത്രമാണ് ബാറ്റിങ് ടീമിന് ലഭിക്കുക.
ബോളിങ് ടീം ഉമിനീർ തേച്ചെന്ന കാരണത്താൽ മത്സരത്തിനിടെ പന്ത് മാറ്റേണ്ടതില്ലെന്നതാണ് ഐസിസിയുടെ മറ്റൊരു നിയമഭേദഗതി. പന്ത് മാറുന്നതിനായി ടീമുകൾ മനഃപൂർവം ഉമിനീർ തേക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പന്തിന്റെ അവസ്ഥ മോശമായാൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്നാണ് അംപയർമാർക്കുള്ള പുതിയ നിർദേശം. എന്നാൽ, പന്തിൽ തുപ്പൽ തേക്കുന്നതിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ നിലവിലുള്ള സലൈവ ബാൻ തുടരുമെന്നും ഐസിസി അറിയിച്ചു. തുപ്പലോ വിയർപ്പോ തേച്ച് ബോളിങ് ടീം പന്തിൽ മിനുസം വരുത്താൻ ശ്രമിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ബോണസ് അനുവദിക്കും.
ക്രീസിൽ കയറാതെ ബാറ്റർമാർ റണ്ണിങ് പൂർത്തിയാക്കുന്നതിനെതിരായ (ഷോർട് റൺ) ശിക്ഷ കടുപ്പിച്ചു. നിലവിൽ റണ്ണിങ്ങിനിടെ ബാറ്റർമാർ ബാറ്റിങ്, പോപ്പിങ് ക്രീസുകളിൽ എത്താത്ത സാഹചര്യങ്ങളിൽ 5 റൺസ് പെനൽറ്റിയാണ് ശിക്ഷ. എന്നാൽ മനഃപൂർവം ഷോർട് റൺ നടത്തിയതായി കണ്ടെത്തിയാൽ ശിക്ഷ കൂടും. അടുത്ത പന്തിൽ സ്ട്രൈക്ക് എൻഡിൽ ഏതു ബാറ്റർ വരണമെന്ന് ഫീൽഡിങ് ടീമിന് തീരുമാനിക്കാമെന്നതാണ് പുതിയ വ്യവസ്ഥ.