
രാജസ്ഥാൻ റോയൽസിന്റെ താരം വൈഭവ് സൂര്യവംശിയുടെ ഷോട്ടുകൾ കണ്ട് ഞെട്ടി ഇരുന്നിട്ടുണ്ടെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഒരു യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സഞ്ജു ഇന്ത്യൻ കൗമാര താരത്തിന്റെ പ്രകടനത്തെക്കുറിച്ചു പറഞ്ഞത്. ‘‘രാജസ്ഥാനുവേണ്ടി മൈതാനം മുഴുവൻ വൈഭവിന്റെ ഷോട്ടുകൾ പറക്കുകയാണ്. ആദ്യ പന്തു തന്നെ അവൻ സിക്സ് പറത്തിയപ്പോൾ കൊള്ളാം എന്നാണു തോന്നിയത്. എന്നാൽ വൈഭവ് അതു തുടർന്നുകൊണ്ടിരുന്നു. വീണ്ടും വീണ്ടും സിക്സുകളും ബൗണ്ടറികളും. വൈഭവിന്റെ ഷോട്ടുകളിലെ മികവു കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.’’– സഞ്ജു വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായിരുന്ന ആർ. അശ്വിനും വൈഭവിന്റെ ബാറ്റിങ് വൈഭവത്തെ പുകഴ്ത്തി. ‘‘ഞാനൊരു ചെറിയ കഥ പറയാം. ചെന്നൈ– രാജസ്ഥാൻ മത്സരത്തിലാണ്. ഞാൻ എറൗണ്ട് ദ് വിക്കറ്റായി പന്തെറിഞ്ഞപ്പോള്‍ വൈഭവ് അതു കവറിലേക്കാണ് അടിച്ചത്. അടുത്ത പന്ത് ഞാൻ കുറച്ചുകൂടി സ്ലോ ചെയ്തു. വൈഭവ് എന്താണു ചെയ്യാൻ പോകുന്നതെന്ന് എനിക്കു കാണണമായിരുന്നു. അവൻ ആ പന്തിനായി കാത്തിരുന്നു.തുടര്‍ന്ന് മിഡ് ഓണിലേക്ക് ഒരു സിംഗിൾ എടുത്തു. ഞാൻ ആകെ തരിച്ചുപോയി. ഇവൻ എവിടെ നിന്നാണു വരുന്നതെന്നായി മനസ്സിൽ.’’
‘‘14 വയസ്സുള്ള പയ്യനാണ്. ഞാൻ 18 വർഷം മുൻപാണ് ഐപിഎൽ കരിയർ തുടങ്ങിയത്. അപ്പോൾ അവന്റെ രക്ഷിതാക്കളുടെ സങ്കൽപത്തിൽ മാത്രമായിരിക്കും അവൻ ഉണ്ടായിരിക്കുക. ജോസ് ബട്‍ലര്‍ രാജസ്ഥാൻ താരം ജോഫ്ര ആർച്ചറിനോടു സംസാരിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. 14 വയസ്സുകാരന്‍ നെറ്റ്സിൽ അടിച്ചു തകർത്തപ്പോൾ എന്തു തോന്നി എന്നായിരുന്നു ബട്‍ലർക്ക് അറിയേണ്ടിയിരുന്നത്.’’– അശ്വിൻ വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎലിനിടെ സഞ്ജു സാംസണിനു പരുക്കേറ്റതോടെയാണ് വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിലെത്തിയത്. ഒന്‍പതു മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയുൾപ്പടെ 285 റണ്‍സാണു നേടിയത്. പിന്നീട് സഞ്ജു ടീമിൽ തിരിച്ചെത്തിയപ്പോഴും വൈഭവ് പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പാക്കി.