
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുമായി ഇടക്കാലത്ത് ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഇഷ ഗുപ്ത. കുറച്ചുകാലം പരസ്പരം സ്ഥിരമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ അതൊരിക്കലും ഗൗരവമുള്ള ബന്ധത്തിലേക്ക് വളർന്നില്ലെന്നും അതിനു മുൻപേ എല്ലാം അവസാനിച്ചെന്നും നടി വിശദീകരിച്ചു. ഒരഭിമുഖത്തിലാണ്, ഹാർദിക് പാണ്ഡ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഇഷ ഗുപ്ത വെളിപ്പെടുത്തിയത്.
‘‘അത് സത്യമാണ്. കുറച്ചുകാലം ഞങ്ങൾ പരസ്പരം അടുപ്പത്തിലായിരുന്നു. പക്ഷേ, ഡേറ്റിങ് എന്നു പറയാവുന്ന തലത്തിലേക്ക് ആ ബന്ധം എത്തിയില്ല. ഏതാനും മാസങ്ങൾ സ്ഥിരമായി പരസ്പരം സംസാരിച്ചിരുന്ന ഒരു ബന്ധമായിരുന്നു അത്." – ഇഷ ഗുപ്ത പറഞ്ഞു.
‘‘ചിലപ്പോൾ മുന്നോട്ടു പോകാം, അല്ലെങ്കിൽ അവസാനിച്ചേക്കാം എന്ന തരത്തിലുള്ള ബന്ധമായിരുന്നു. ഡേറ്റിങ് ഘട്ടത്തിലേക്കൊക്കെ എത്തുന്നതിനു മുൻപേ അത് അവസാനിച്ചു. അതുകൊണ്ട് ഡേറ്റിങ് എന്നു പറയാനും കഴിയില്ല. ഒന്നോ രണ്ടോ തവണ ഞങ്ങൾ പരസ്പരം കണ്ടിരുന്നു. അത്രേയുള്ളൂ. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഏതാനും മാസങ്ങൾ മാത്രം നീണ്ട ഒരു അടുപ്പം." - ഇഷ ഗുപ്ത വിവരിച്ചു.
പരസ്പരം ഇഷ്ടത്തിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന അടുപ്പമാണ് ഹാർദിക് പാണ്ഡ്യയുമായി ഉണ്ടായിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചാണെന്നും ഇഷ ഗുപ്ത പറഞ്ഞു. വളരെ വേഗത്തിലാണ് ഈ ബന്ധം അവസാനിച്ചതെന്നും ഇഷ വെളിപ്പെടുത്തി.
‘‘ഒരുപക്ഷേ, അതൊരു പ്രണയമായി വളരുമായിരുന്നു. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു. പ്രത്യേകിച്ച് നാടകീയതകളോ കയ്പേറിയ അനുഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഒരുപക്ഷേ വിധിച്ചിട്ടുണ്ടാകില്ലെന്ന് കരുതാം." - ഇഷ ഗുപ്ത പറഞ്ഞു.
2019 ലെ 'കോഫി വിത് കരൺ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും, അതിനു മുൻപു തന്നെ പാണ്ഡ്യയുമായുള്ള ബന്ധം അവസാനിച്ചിരുന്നുവെന്നും ഇഷ വെളിപ്പെടുത്തി.