
ഏഷ്യ കപ്പ് ക്രിക്കറ്റിൽ ബാറ്റിങ്ങിനിറങ്ങിയപ്പോൾ സമ്മർദ്ദത്തെ തനിക്കുള്ള അവസരമായാണ് കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിക്കാൻ സാധിച്ചതിലും കളിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഷാർജ സക്സസ് പോയൻറ് കോളജിൽ നൽകിയ സ്വീകരണശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു.
ഏഷ്യാക്കപ്പിൽ പലപ്പോഴും സമ്മർദ്ദനിമിഷങ്ങളിലാണ് സഞ്ജു ക്രീസിലേക്കു വരാറുള്ളതെന്നും അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. അതിനു വേണ്ടിയാണ് തന്നെ കളിപ്പിക്കുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ‘‘സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാനാണ് ഇത്രയും വർഷംകൊണ്ട് പഠിച്ചത്. സമ്മർദ്ദത്തേക്കാൾ ഉപരി അവസരമായിട്ടാണ് തോന്നിയിട്ടുള്ളത്. അവസരം വിനിയോഗിക്കാൻ സാധിച്ചതിലും നന്നായി കളിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.’’ സഞ്ജു പറഞ്ഞു.
ബാറ്റിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യത്തിന്, "എവിടെ കളിപ്പിച്ചാലും നമ്മൾ അതു മനസുകൊണ്ട് അംഗീകരിച്ചാൽ കുഴപ്പമില്ല. സാധാരണ കളിക്കുന്നതുപോലെ, ആദ്യം അങ്ങ് പാഡിട്ടു പോകുന്നതിനേക്കാൾ ടീമും കോച്ചും ആവശ്യപ്പെടുന്നതുപോലുള്ള റോൾ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ, പെട്ടെന്ന് സ്കോർ ചെയ്യണമെന്നായിരുന്നു. ഫൈനലിൽ പാർട്ണർഷിപ് ബിൾഡ് ചെയ്യാനായിരുന്നു നിർദേശം. അതനുസരിച്ച് ചെയ്യാനുള്ള ഒരു അനുഭവജ്ഞാനമുണ്ട്. പത്തു വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നു. കുറേ മത്സരങ്ങൾ കാണുന്നുണ്ട്. അപ്പോൾ ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്.’’– എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.