
ഇസ്‍ലാമാബാദ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നാണംകെട്ട തോൽവിക്കു പിന്നാലെ, പാക്കിസ്ഥാൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ താരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ ഹോംഗ്രൗണ്ടിലെ പിച്ച് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനാകില്ലെന്ന് പരിഹസിച്ച് മുൻ താരം ശുഐബ് അക്തർ വിമർശിച്ചു. 'ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ പിൻമാറണമേ...' എന്നാണ് പ്രാർഥിക്കുന്നതെന്നും, നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയില്ലെന്നും മുൻ താരം ബാസിത് അലിയും പരിഹസിച്ചു.
‘‘ലെജൻഡ്സ് ലോക ക്രിക്കറ്റ് ടൂർണമെന്റിൽ സംഭവിച്ചതുപോലെ, 'ഏഷ്യാ കപ്പിലും ഇന്ത്യ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമേ...' എന്ന് ഞാൻ പ്രാർഥിക്കുന്നു. അല്ലെങ്കിൽ നമുക്ക് ഊഹിക്കാനാകുന്നതിലും വലിയ തോൽവിയായിരിക്കും അവർ നമുക്ക് സമ്മാനിക്കുക." - ഒരു യുട്യൂബ് ചാനലിലെ പരിപാടിയിൽ ബാസിത് അലി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ പോലും ടീം ജയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെ ശരിവയ്ക്കുന്നതായിരുന്നു ബാസിത് അലിയുടെ മറുപടി. ‘‘നമ്മൾ അഫ്ഗാനിസ്ഥാനോട് തോറ്റാലും ഇവിടെയുള്ളവർ അത് കാര്യമായിട്ടെടുക്കില്ല. പക്ഷേ, ഇന്ത്യയോട് തോറ്റാൽ ആരാധകർക്ക് വട്ടായിപ്പോകും." - ബാസിത് അലി ചൂണ്ടിക്കാട്ടി.