
വിമാനത്താവളത്തിൽവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ട് ശല്യം ചെയ്ത പാപ്പരാസികളെ രൂക്ഷഭാഷയിൽ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ബുമ്രയെ പാപ്പരാസികൾ വളഞ്ഞത്. താരത്തിനോടു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും രൂക്ഷഭാഷയിലാണ് ബുമ്ര ഇവരോടു മറുപടി പറഞ്ഞത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രകോപനകരമായ സാഹചര്യങ്ങളിൽ പോലും രോഷം നിയന്ത്രിച്ചാണ് ബുമ്ര കൈകാര്യം ചെയ്യാറ്. എന്നാൽ മുംബൈ വിമാനത്താവളത്തിനു പുറത്തെത്തിയപ്പോൾ ശല്യം ചെയ്ത് പിന്നാലെ കൂടിയവരെ ബുമ്ര നിർത്തിപ്പൊരിച്ചു.
‘‘നിങ്ങളോടൊന്നും ഇങ്ങോട്ടു വരാൻ ഞാൻ പറഞ്ഞിട്ടില്ല. മറ്റാർക്കോ വേണ്ടിയാണ് നിങ്ങൾ വന്നത്. അവർ ഉറപ്പായും വരുമായിരിക്കും.’’– ഇത്രയും പറഞ്ഞ് ബുമ്ര നടന്നു നീങ്ങുകയായിരുന്നു. എന്നാൽ, 'നിങ്ങളാണ് ഞങ്ങളുടെ ദീപാവലി ബോണസ്' എന്ന മറുപടിയാണു ബുമ്രയ്ക്ക് ചുറ്റും കൂടിയവരിൽ ഒരാൾ നൽകിയത്. 'സഹോദരാ, എന്നെ വാഹനത്തിന് അടുത്തേക്കു പോകാനെങ്കിലും സമ്മതിക്കുമോ?' എന്നു ചോദിച്ച ശേഷം ബുമ്ര വേഗത്തിൽ നടന്നുപോകുകയും ചെയ്തു.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ച ശേഷമാണ് ബുമ്ര മുംബൈയിലെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുമ്ര കളിക്കുന്നില്ല. ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഏകദിന ടീമിലെ പേസർമാർ. അതേസമയം ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ബുമ്ര ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 29ന് കാൻബറയിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം.