
ഇൻഡോർ: വിജയത്തിനു തൊട്ടരികെ നിൽക്കെ, അവസാന നിമിഷത്തിൽ അലക്ഷ്യമായ ബാറ്റിങ്ങിലൂടെ വിജയം കൈവിട്ട ഇന്ത്യയ്ക്ക് വനിതാ ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം തോൽവി. 4 റൺസിന്റെ നേരിയ ജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പാക്കി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 288 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 6 വിക്കറ്റ് നഷ്ടത്തിൽ 284 റൺസേ ഇന്ത്യയ്ക്കു നേടാനായുള്ളൂ. സെമിഫൈനലിൽ എത്താൻ ഇനിയുള്ള 2 മത്സരങ്ങളും ഇന്ത്യയ്ക്കു നിർണായകമാണ്. സ്കോർ: ഇംഗ്ലണ്ട്– 50 ഓവറിൽ 8ന് 288. ഇന്ത്യ– 50 ഓവറിൽ 6ന് 284.
ഇംഗ്ലണ്ടിനെതിരായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന പറഞ്ഞു. താൻ പുറത്തായത് ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയ്ക്കു കാരണമായെന്നും തന്റെ ഷോട്ട് സെലക്ഷൻ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നെന്നും മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സ്മൃതി തുറന്നു സമ്മതിച്ചു. പ്രതിക റാവലും (8) ഹർലീൻ ഡിയോളും (24) പുറത്തായെങ്കിലും സ്മൃതി മന്ഥനയും (88) ഹർമൻപ്രീത് കൗറും (70) ചേർന്ന് മൂന്നാം വിക്കറ്റിൽ 125 റൺസുമായി ഇന്ത്യൻ സ്കോറുയർത്തി. ഹർമൻ പുറത്തായശേഷം സ്മൃതിയും ദീപ്തി ശർമയും (50) ചേർന്ന് നാലാം വിക്കറ്റിൽ 67 റൺസും നേടിയതോടെ ഇന്ത്യ സുരക്ഷിത നിലയിലായിരുന്നു. എന്നാൽ, 42–ാം ഓവറിൽ സ്മൃതിയെ പുറത്താക്കി ഇംഗ്ലണ്ട് മത്സരം തിരിച്ചുപിടിച്ചു. പിന്നാലെ റിച്ച ഘോഷിന്റെയും (8) ദീപ്തിയുടെയും (50) പുറത്താകൽ റൺ ചേസിന്റെ താളം തെറ്റിച്ചു.
‘‘ആ സമയത്ത് എല്ലാവരുടെയും ഷോട്ട് സെലക്ഷനുകൾ മെച്ചപ്പെടുത്താമായിരുന്നെന്ന് എനിക്ക് തോന്നുന്നു. കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. പ്രത്യേകിച്ച്, ഞാനാണ് ആദ്യം അശ്രദ്ധമായി കളിച്ചത്. അതുകൊണ്ട് ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.’’– സ്മൃതി പറഞ്ഞു. മത്സരം കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ഡഗൗട്ടിൽ നിരാശയോടെ ഇരിക്കുന്ന സ്മൃതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തലകുനിച്ച് നിറകണ്ണുകളോടെ സ്മൃതി ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
‘‘ഒരോവറിൽ ആറു റൺസ് വീതമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഞങ്ങൾ മത്സരത്തെ കുറച്ചുകൂടി പ്രാധാന്യത്തോടെ എടുക്കേണ്ടതായിരുന്നു. തകർച്ച എന്നിൽ നിന്നാണ് ആരംഭിച്ചത് എന്നതിനാൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. ഏരിയൽ സ്ട്രോക്കുകൾ ഒഴിവാക്കണമെന്ന പദ്ധതിയിൽനിന്ന് ഞാൻ സ്വയം വ്യതിചലിച്ചു. വൈകാരികമായി ചിന്തിച്ചതാണ് കാരണം. കവറുകൾക്ക് മുകളിലൂടെ കൂടുതൽ റൺസ് നേടുകയായിരുന്നു ലക്ഷ്യം. പക്ഷേ ആ ഷോട്ട് പിഴച്ചു. ആ സമയത്ത് ആ ഷോട്ട് ആവശ്യമില്ലായിരുന്നു. എനിക്ക് കൂടുതൽ ക്ഷമ ആവശ്യമായിരുന്നു. കാരണം ഇന്നിങ്സിൽ ഉടനീളം, ക്ഷമയോടെയിരിക്കാനും ഏരിയൽ ഷോട്ടുകൾ കളിക്കരുതെന്നും ഞാൻ എന്നോട് തന്നെ പറയാൻ ശ്രമിച്ചിരുന്നു." - സ്മൃതി പറഞ്ഞു.
"ഒരുപക്ഷേ വികാരങ്ങൾ ആ മത്സരത്തിൽ നിറഞ്ഞു നിന്നിരിക്കാം, അതു ക്രിക്കറ്റിൽ ഒരിക്കലും ഗുണം ചെയ്യില്ല. പക്ഷേ, തിരിഞ്ഞുനടക്കുമ്പോൾ വിജയം നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ്, നമ്മുക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയില്ല.’’– സ്മൃതി പറഞ്ഞു. എന്നാൽ, ഫിനിഷിങ് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സ്മൃതി കൂട്ടിച്ചേർത്തു. ‘‘ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് നോക്കിയാൽ, അവർക്കു അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. ഓവറിൽ ഏഴ് റൺസ് നേടുന്നത് എളുപ്പമുള്ള കാര്യമല്ല. ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങളിൽ ഞങ്ങൾ തീർച്ചയായും നന്നായി ഫിനിഷ് ചെയ്തുവെന്ന് എനിക്ക് തോന്നുന്നു.’’– സ്മൃതി വ്യക്തമാക്കി.