
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കു കിട്ടിയ മൊമന്റോ തറയിൽനിന്ന് എടുത്ത് മേശയിൽവച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാര വേദിയിലെ രോഹിതിന്റെ ഈ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. രോഹിത് ശർമയും ഭാര്യ ഋതികയും മുംബൈയിൽ നടന്ന പുരസ്കാരദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു തൊട്ടുപിന്നിലായിട്ടായിരുന്നു രോഹിത് സദസ്സിൽ ഇരുന്നത്.
സിയറ്റ് ജിയോസ്റ്റാർ പുരസ്കാരം സ്വീകരിച്ച ശേഷം വേദി വിട്ട ശ്രേയസ് അയ്യർ മൊമന്റോ തറയില്‍വച്ച ശേഷം കസേരയിൽ ഇരിക്കുകയായിരുന്നു. ഇതു ശ്രദ്ധിച്ച രോഹിത് ശർമ മൊമന്റോ എടുത്ത് പിന്നിലുള്ള മേശയിൽ വയ്ക്കുകയായിരുന്നു. 'പുരസ്കാരങ്ങളുടെ വിലയെന്തെന്ന് രോഹിതിന് നന്നായി അറിയാം' എന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ആരാധകർ പറയുന്നത്.
ചാംപ്യൻസ് ട്രോഫി വിജയത്തിനുശേഷം ഏകദിന ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണു രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് രോഹിത് ശരീര ഭാരം കുറച്ചിരുന്നു. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിത്, ഏകദിനത്തിൽ തുടര്‍ന്നും കളിക്കാനാണു ലക്ഷ്യമിടുന്നത്.